Skip to main content

'എസ്‌കലേറ' പ്രദര്‍ശന വിപണന മേളയ്ക്ക് തുടക്കമായി

 

ഉദ്ഘാടനം നാളെ  (ആഗസ്റ്റ് 21ന്) മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

സംരംഭകത്വത്തിലൂടെ സ്ത്രീകളെ സാമൂഹികമായും സാമ്പത്തികമായും ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി വനിതാ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'എസ്‌കലേറ' പ്രദര്‍ശന വിപണന മേളയ്ക്ക് തുടക്കമായി. മേളയുടെ ഉദ്ഘാടനം നാളെ (ആഗസ്റ്റ് 21) ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുമെന്ന്  വനിതാ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ബിന്ദു വി.സി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിക്കും. 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ട്രാന്‍സ്ജന്‍ഡര്‍ സംരംഭകര്‍ ഉള്‍പ്പെടെ ഇരുനൂറോളം സംരംഭകരാണ് മേളയില്‍ പങ്കെടുക്കുന്നത്. കൈത്തറി റെഡിമേയ്ഡ് വസ്ത്രങ്ങള്‍, കരകൗശല വസ്തുക്കള്‍, മില്ലറ്റുകള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍, പുസ്തകങ്ങള്‍, ആഭരണങ്ങള്‍, ചെരുപ്പുകള്‍, ബാഗുകള്‍, പെയിന്റിങ്ങുകള്‍, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളും മേളയിലുണ്ട്. സംരംഭകരുടെ തനതു ഉല്‍പ്പന്നങ്ങളാണ് മേളയിലുള്ളത്. സംസ്ഥാന സര്‍ക്കാരിനെ കൂടാതെ അഞ്ച് കേന്ദ്ര ധനകാര്യ വികസന കോര്‍പ്പറേഷനുകള്‍ കൂടി വനിതാ വികസന കോര്‍പ്പറേഷന്റെ ഫണ്ടിംഗ് ഏജന്‍സികളാണ്. ഈ ഏജന്‍സികള്‍ തെരഞ്ഞെടുത്ത ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള സംരംഭകരും മേളയില്‍ പങ്കെടുക്കുന്നുണ്ട്. കുടുംബശ്രീ, കനറാ ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക് എന്നീ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കാളികളാണ്.

‌വനിതകള്‍ക്കായുള്ള പ്രൊജക്റ്റ് കണ്‍സള്‍ട്ടന്‍സി വിംഗിന്റെ ആദ്യ ചുവടെന്ന നിലയിലാണ് വനിതാ സംരംഭകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ പ്രമോട്ട് ചെയ്യുന്നതിനും മാര്‍ക്കറ്റ് ചെയ്യുന്നതിനുമായി പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കുന്നത്. സംരംഭകത്വ വികസന മേഖലയില്‍, വായ്പാ വിതരണത്തിലുപരിയായി, വളര്‍ന്നു വരുന്ന വനിതാ, ട്രാന്‍സ്‌ജെന്‍ഡര്‍ സംരംഭകര്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും അവരുടെ വ്യവസായം ലാഭകരമാക്കി മാറ്റുന്നതിനും സഹായകരമാകുക എന്നതാണ് പ്രൊജക്റ്റ് കണ്‍സള്‍ട്ടന്‍സി വിംഗിലൂടെ ലക്ഷ്യമിടുന്നത്.     സംസ്ഥാനത്തെ ജില്ലകളില്‍ നിന്നും വിവിധ മേഖലകളില്‍ നിന്നുമുള്ള വനിതാ സംരംഭകര്‍ തമ്മില്‍ കാണുന്നതിനും ആശയ വിനിമയം നടത്തുന്നതിനും പുതു മാതൃകകളും അനുഭവങ്ങളും പങ്കു വെക്കുന്നതിനും അതുവഴി വിപുലമായ ഒരു മാര്‍ക്കറ്റിങ്  നെറ്റ് വര്‍ക്കിന്റെ സാധ്യതകള്‍ക്ക് വഴി തെളിക്കുന്നതിനും എസ്‌കലേറ വിപണന മേള വഴി  സാധ്യമാകും.

കഴിഞ്ഞ എഴ് വർഷങ്ങളിൽ സംരംഭക വികസനത്തിലും വായ്പാ വിതരണത്തിലും വലിയ കുതിച്ചു ചാട്ടമാണ് കൈവരിച്ചത്. മൂന്നര പതിറ്റാണ്ടില്‍ വിതരണം ചെയ്ത 1152 കോടി രൂപയുടെ സംരംഭക വായ്പയില്‍ 945 കോടി രൂപയും ഇക്കഴിഞ്ഞ ഏഴു വര്‍ഷങ്ങളിലാണ് വിതരണം ചെയ്തത്. 70,582 തൊഴിലവസരങ്ങളാണ് കോര്‍പ്പറേഷന്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ  പ്രവര്‍ത്തനങ്ങളിലൂടെ സൃഷ്ടിച്ചത്.

മേളയുടെ ഭാഗമായി വൈകുന്നേരങ്ങളില്‍ പ്രമുഖ കലാകാരന്മാര്‍ പങ്കെടുക്കുന്ന കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറും. നാളെ (ആഗസ്റ്റ്‌ 21 ന്)  തരംഗം എന്ന പേരില്‍ വിമന്‍ സെല്‍ കോളജ് വിദ്യാര്‍ത്ഥിനികൾ കലാപരിപാടികൾ അവതരിപ്പിക്കും. ഐഡിയ സ്റ്റാര്‍ സിംഗര്‍ താരങ്ങളും പ്രമുഖ പിന്നണി ഗായകരായ സായി ബാലന്‍, ദീപക് ജെ ആര്‍ എന്നിവരും പങ്കെടുക്കുന്ന ഗാനമേള അരങ്ങേറും. 22 ന്  പ്രമുഖ ഗായിക ഇംതിയാസ് ബീഗത്തിന്റെ നേതൃത്വത്തില്‍ മെഹ്ഫില്‍ ഉണ്ടായിരിക്കും. ആഗസ്റ്റ് 23 ന് തുടിതാളം സംഘത്തിലെ ആദിവാസി കലാ പ്രവര്‍ത്തകര്‍ അവതരിപ്പിക്കുന്ന കലാ അരങ്ങും,  24 ന് ഫോക് ലോര്‍ അക്കാദമി അവതരിപ്പിക്കുന്ന പൂരക്കളി, ചരടു കുത്തി കോല്‍ക്കളി എന്നിവയും അരങ്ങിലെത്തും. 25 ന് കുടുംബശ്രീ റെസിഡന്‍ഷ്യല്‍ കലാമേളയുണ്ടാകും. 26ാം തിയ്യതി ഫ്ലവേഴ്‌സ് ടി വി കോമഡി ഉത്സവ താരങ്ങള്‍ അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ നൈറ്റ് ഷോയും ഉണ്ടാകും.  

എല്ലാ ദിവസവും വിവിധ വിഷയങ്ങളില്‍ സെമിനാറും സംഘടിപ്പിക്കും. സമാപന സമ്മേളനം ആഗസ്റ്റ് 26 ന്  പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ അധ്യക്ഷനാകും. 

കോഴിക്കോട് ബീച്ചിൽ വിപണന മേളയിലെ വേദിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ വനിതാ വികസന കോർപ്പറേഷൻ  ഡയറക്ടർമാരായ വി.കെ പ്രകാശിനി, പെണ്ണമ്മ തോമസ് എന്നിവരും പങ്കെടുത്തു.

date