Skip to main content

സ്മാര്‍ട്ട് കുറ്റ്യാടിയുടെ മെഗാ തൊഴില്‍ മേളയില്‍  87 ഉദ്യോഗാര്‍ത്ഥികൾക്ക് ജോലി ലഭിച്ചു 

 

എന്റെ തൊഴില്‍ എന്റെ അഭിമാനം എന്ന ആശയത്തെ മുന്‍ നിര്‍ത്തി സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ ദാന പരിപാടിയുടെ ഭാഗമായി സ്മാര്‍ട്ട് കുറ്റ്യാടി നിയോജക മണ്ഡലം സംഘടിപ്പിച്ച മെഗാ തൊഴില്‍മേളയില്‍ ജോലി ലഭിച്ചത് 87 ഉദ്യോഗാര്‍ത്ഥികള്‍ക്ക്.  രണ്ടാംഘട്ട അഭിമുഖത്തിനായി വിവിധ കമ്പനികള്‍ 610 ഉദ്യോഗാര്‍ത്ഥികളെയും തെരഞ്ഞെടുത്തു. 

രാവിലെ 9 മണി മുതല്‍ വൈകീട്ട് വരെ മേമുണ്ട ഹയര്‍ സെക്കൻഡറി സ്‌കൂളിലായിരുന്നു മെഗാ മേള സംഘടിപ്പിച്ചത്. എസ് എസ് എല്‍ സി മുതല്‍ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ള നിരവധിയാളുകള്‍  വിവിധ കമ്പനികളുടെ അഭിമുഖത്തില്‍ പങ്കെടുത്തു. മാനേജര്‍, എച്ച്.ആര്‍ മാനേജര്‍, ബിസിനസ് എക്‌സിക്യൂട്ടീവ്, ഫില്‍ഡ് എക്‌സിക്യൂട്ടീവ്, ടീം ലീഡര്‍, ബിസിനസ്സ് ഡവലപ്പ്മെന്റ് ഓഫീസര്‍, സെയില്‍സ്മാന്‍, ഫ്ലോർ മാനേജര്‍ തുടങ്ങി വിവിധങ്ങളായ നിരവധി തസ്തികളിലേക്കായിരുന്നു അഭിമുഖം.  കേരളത്തിനകത്തും പുറത്തും നിന്നുമായി 50 ലധികം കമ്പനികളാണ്  പങ്കെടുത്തത്. ഉന്നത വിദ്യാഭ്യാസം നേടിയ യുവതി-യുവാക്കള്‍ മുതല്‍ 50 വയസ്സുവരെയുള്ള ജോലിയില്ലാത്ത വീട്ടമ്മമാരും ഗൃഹനാഥന്‍മാരും ഉള്‍പ്പടെ തൊഴില്‍ തേടി എത്തിയിരുന്നു. 
സര്‍ക്കാര്‍ പോര്‍ട്ടലായ നോളജ് മിഷന്‍ വഴി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയാണ് ഓരോ ഉദ്യോഗാര്‍ത്ഥിയും അഭിമുഖത്തില്‍ പങ്കെടുത്തത്. ഓരോ പഞ്ചായത്തിലും കുടുംബശ്രീ മുഖേന രജിസ്ട്രര്‍ ചെയ്ത് മേളക്കായി എത്തിയവരും ഉണ്ടായിരുന്നു. ഓരോ കമ്പനികള്‍ക്കുമായി പ്രത്യേകം മുറികള്‍ അഭിമുഖത്തിനായി  സജ്ജീകരിച്ചിരുന്നു. രാവിലെ മുതല്‍ വലിയ തിരക്കായിരുന്നു മേളയിൽ അനുഭവപ്പെട്ടത്. സ്‌പോട്ട് രജിസ്‌ട്രേഷന്‍ കൗണ്ടര്‍ വഴി രജിസ്‌ട്രേഷന്‍ ചെയ്യാനും വലിയ തിരക്ക് അനുഭവപ്പെട്ടു. നോളജ് മിഷന്‍ സൈറ്റ് വഴി 2892 പേരായിരുന്നു മെഗാ തൊഴില്‍മേളക്കായി രജിസ്റ്റര്‍ ചെയ്തിരുന്നത്. 1308 ഉദ്യോഗാര്‍ത്ഥികൾ പങ്കെടുത്തു.

date