Skip to main content

കാഴ്ച പരിമിതിയുള്ളവർക്ക് സ്മാർട്ട് വൈറ്റ് കെയിൻ വിതരണം ചെയ്തു

 

ഇരുവള്ളൂർ ഗവ.യുപി സ്കൂളിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് കാസർഗോഡ് മുതൽ പാലക്കാട് വരെയുള്ള ജില്ലകളിലെ കാഴ്ച പരിമിതരായവർക്ക് വൈറ്റ് കെയിൻ വിതരണം ചെയ്തു. സമഗ്ര ശിക്ഷാ കോഴിക്കോട് ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ഡോ.എ.കെ.അബ്ദുൾ ഹക്കീം ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കാഴ്ച പരിമിതിയുള്ളവർക്ക് തടസ്സരഹിതമായ യാത്ര ഉറപ്പുവരുത്താനാണ് ബേസർ ബ്ലൈൻഡ്സ് സെർവിങ് ഫ്രണ്ട് എന്ന സന്നദ്ധ സംഘടനയുമായി സഹകരിച്ച് സൗജന്യമായി സ്മാർട്ട് വൈറ്റ് കെയിൻ വിതരണം ചെയ്തത്. തിരക്കുള്ള റോഡുകളിലും മറ്റ് പൊതു ഇടങ്ങളിലും കാഴ്ചപരിമിതി ഉള്ളവരെ തിരിച്ചറിയാൻ സഹായിക്കുന്ന റിഫ്ളക്ടർ കുടകളെ ചടങ്ങിൽ പരിചയപ്പെടുത്തി.  

ചെറൂട്ടി റോഡിലെ എം.എസ്. എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ 300 പേർ ഉപകരണങ്ങൾ ഏറ്റുവാങ്ങി. വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഇടപെടലിലൂടെയാണ് സാമൂഹ്യ പ്രതിബന്ധതയുള്ള മുന്നേറ്റം സാധ്യമായത്. ഗുജറാത്തിലെ സ്വകാര്യസ്ഥാപനമാണ് സൗജന്യമായി ഉപകരണങ്ങൾ വിതരണം ചെയ്തത്.

ഇരുവള്ളൂർ ഗവ.യുപി സ്കൂൾ പി.ടി.എ പ്രസിഡന്റ് സി.പി മനോജ്‌ അധ്യക്ഷത വഹിച്ചു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി നൗഷീർ മുഖ്യാതിഥിയായിരുന്നു. പ്രധാനാധ്യാപിക എം.കെ റാണി ശർമിള പദ്ധതി വിശദീകരണം നടത്തി. ബി.എം.സി ജില്ലാ കോർഡിനേറ്റർ ഡോ. കെ. പി മഞ്ജു, എസ്. എസ്. ജി ചെയർമാൻ അഹമ്മദ് കുട്ടി മാസ്റ്റർ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

date