Skip to main content

പുറക്കാട്ടിരി ജില്ലാ ആയുർവേദ ആശുപത്രിയിൽ ജെറിയാട്രിക് ബ്ലോക്ക്‌ ഒരുങ്ങി 

 

പുറക്കാട്ടിരിയിലെ ജില്ലാ ആയുർവേദ ആശുപത്രിയുടെ അനുബന്ധ കെട്ടിടത്തിൽ വയോജനങ്ങൾക്കായി പുതിയ ജെറിയാട്രിക്‌ ബ്ലോക്ക്‌ ഒരുങ്ങി. ജില്ലാപഞ്ചായത്തും ഭാരതീയ ചികിത്സാവകുപ്പും ചേർന്നാണ്  ചികിത്സാകേന്ദ്രം ആരംഭിക്കുന്നത്. 10 കിടക്കകൾ ഉൾക്കൊള്ളുന്ന വാർഡാണ് ഇവിടെ ഒരുക്കിയത്.

തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിലെയും അനുബന്ധ പ്രദേശങ്ങളിലെയും  വയോജനങ്ങളുടെ സമഗ്രമായ ആരോഗ്യ പരിപാലനം ലക്ഷ്യമാക്കിയാണ് ഇത്തരമൊരു സംരംഭം വിഭാവനം ചെയ്തത്. ആദ്യഘട്ടത്തിൽ ഒ.പി സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ ഒൻപത് മുതൽ രണ്ടു വരെയാണ് ഒ.പി. കൂടുതൽ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കുന്നതോടെ കിടത്തിച്ചികിത്സ തുടങ്ങും. ഒരു ഡോക്ടറുടെ സേവനമാണ് നിലവിലുള്ളത്. ഒ.പി പ്രവർത്തനം സുഗമമാക്കാൻ ഒരു അറ്റൻഡറെയും ഫാർമസിസ്റ്റിനെയും നിയമിക്കും. ജില്ലാ പഞ്ചായത്താണ് നിയമനം നടത്തുക.

ജീവിതശൈലീ രോഗങ്ങൾ, ന്യൂറോളജി, അസ്ഥി, സന്ധി സംബന്ധമായ അസുഖങ്ങൾ, ശ്വാസകോശരോഗങ്ങൾ എന്നിവയ്ക്കുള്ള ചികിത്സ ആശുപത്രിയിൽനിന്ന് ലഭിക്കും. നാലേക്കറോളം വരുന്ന ഭൂമിയിൽ നാല് നിലകളോടുകൂടിയ കെട്ടിടം നിർമിക്കും. നിർമാണം പൂർത്തിയായ ഒന്നാം നിലയിലാണ് വയോജനങ്ങളുടെ ഒ.പി. ക്രമീകരിച്ചത്. ജില്ലാ പഞ്ചായത്ത് ഒരു കോടിരൂപയാണ് ആദ്യഘട്ടത്തിൽ പ്രവൃത്തിക്കായി നീക്കിവെച്ചത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയാണ് കേന്ദ്രം നാടിന് സമർപ്പിച്ചത്.

date