Skip to main content

തൃക്കാക്കരയിലെ ഓണാഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കം

ഓണവിളക്ക് തെളിയിച്ചു, വിളംബര ജാഥ നടത്തി

 

 
ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും തൃക്കാക്കര നഗരസഭയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ആകാശവാണിയും ലളിതകലാ അക്കാദമിയും സംയുക്തമായി നടത്തുന്ന തൃക്കാക്കരയിലെ ഓണാഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമായി. 

ഓണത്തിന്റെ വരവറിയിച്ചുകൊണ്ട് ജില്ലാ പഞ്ചായത്തില്‍ നിന്ന് ഓണം വിളംബര ജാഥ സംഘടിപ്പിച്ചു. ജാഥയ്ക്ക് മുന്നോടിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പ്രതീകാത്മകമായി മഹാബലി വേഷധാരിക്ക് കിരീടം കൈമാറി. തുടര്‍ന്ന് വാദ്യഘോഷങ്ങളുടെയും പുലികളിയുടെയും അകമ്പടിയോടെ ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ നിന്നാരംഭിച്ച ജാഥ തൃക്കാക്കര നഗരസഭയിലെത്തി സ്വീകരണം ഏറ്റുവാങ്ങിയ ശേഷം കളക്ടറേറ്റിൽ പ്രവേശിച്ചു. ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷും അന്‍വര്‍ സാദത്ത് എം.എല്‍.എയും ചേര്‍ന്ന് വിളംബര ജാഥയെ സ്വീകരിച്ചു. ശേഷം ഓണവിളക്ക് തെളിയിച്ചു. 

ഏറെ സന്തോഷമുള്ള അവസരമാണിതെന്നും മഹാബലിയുടെ കാലത്തെപ്പോലെ സമത്വത്തോടെയും സാഹോദര്യത്തോടെയും ജീവിക്കാന്‍ കഴിയട്ടെയെയുന്നും എല്ലാവര്‍ക്കും നന്മകള്‍ ആശംസിക്കുന്നതായും അന്‍വര്‍ സാദത്ത് എം.എല്‍.എ പറഞ്ഞു. 

ഓണത്തിന്റെ പെരുമ പേറുന്ന നാടാണ് തൃക്കാക്കരയെന്നും ഓണത്തിന്റെ ഐതിഹ്യവും പാരമ്പര്യവും വിളിച്ചോതുന്ന പരിപാടികളാണ് ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കൂടിച്ചേരലിന്റെ കൂടി ആഘോഷമാണ് ഓണമെന്നും വരും വര്‍ഷങ്ങളില്‍ ഇതേ പ്രൗഡിയോടെ തന്നെ പരിപാടികള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 

ഓണം ഒരുമയുടെ ആഘോഷമാണെന്നും തമിഴ്‌നാട് സ്വദേശിയായ തനിക്ക് വേറിട്ടൊരനുഭവമാണ് ഈ ആഘോഷം സമ്മാനിക്കുന്നതെന്നും താനും മലയാളിയായി മാറുകയാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. 

പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ ഓഫീസ് ജീവനക്കാരുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ പ്രത്യേകം പൂക്കളവുമൊരുക്കിയിരുന്നു.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിതാ റഹീം, തൃക്കാക്കര നഗരസഭ അധ്യക്ഷ രാധാമണി പിള്ള, അഡീഷ്ണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്.ഷാജഹാന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.എം ഷഫീഖ്, ജില്ലാ പഞ്ചാത്ത് അംഗങ്ങള്‍, തൃക്കാക്കര നഗരസഭാ കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date