Skip to main content

പുത്തൂര്‍ സെന്റര്‍ വികസനം; 47.3 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനത്തിന് മുമ്പേ പുത്തൂര്‍ സെന്റര്‍ വികസനമെന്ന സ്വപ്‌നം യാഥാര്‍ഥ്യത്തിലേക്ക്. ഇതുമായി ബന്ധപ്പെട്ട ഒന്നാംഘട്ട പ്രവൃത്തിയുടെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്നതിന് ആവശ്യമായ 47.3 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു. കുട്ടനെല്ലൂർ ബൈപാസ് മുതൽ പയ്യപ്പിള്ളിമൂലവരെയുള്ള മൂന്നര കിലോമീറ്ററോളം ദൂരം വരുന്ന റോഡ് 15 മീറ്റര്‍ വീതിയില്‍ പുനര്‍നിര്‍മ്മാണം നടത്തുമ്പോള്‍ ഏറ്റെടുക്കേണ്ട സ്ഥലത്തിനുള്ള നഷ്ടപരിഹാര തുകയാണ് ഇതോടെ ലഭ്യമായിരിക്കുന്നത്. കിഫ്ബി ഫണ്ടില്‍ നിന്നുമാണ് തുക അനുവദിച്ചത്. 
നിലവിലെ റോഡില്‍ പല തവണ സ്ഥലം അളക്കലും കല്ലിടലും നടത്തുന്നതിനായി ഇതുവരെ 10 ലക്ഷം രൂപയോളമാണ് ചിലവഴിച്ചത്. സര്‍വ്വേ പ്രവൃത്തികള്‍ക്കും മറ്റു അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി ചിലവഴിച്ച തുകയടക്കമാണ് പുതിയ ഭരണാനുമതിയിലൂടെ ലഭിക്കുക. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് തുറക്കുന്നതോടെ സന്ദര്‍ശകര്‍ക്ക് സുഗമമായി സഞ്ചരിക്കാന്‍ കഴിയുന്ന തരത്തിലാണ് റോഡ് വീതി കൂട്ടി ആധുനിക രീതിയില്‍ ടാറിങ്ങ് നടത്തുന്നത്. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പണം ലഭിക്കുന്നതോടെ പുത്തൂരിലെ ജനങ്ങളുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനാണ് ഫലം കാണുന്നത്.

date