Skip to main content

പാറപ്പുറം - വല്ലംകടവ് പാലം 24ന്  മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ പാറപ്പുറത്തെയും പെരുമ്പാവൂര്‍ നഗരസഭയിലെ വല്ലംകടവിനെയും ബന്ധിപ്പിച്ച് പെരിയാറിന് കുറുകെ നിർമ്മാണം പൂർത്തിയായ പാറപ്പുറം - വല്ലംകടവ് പാലത്തിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 24ന്(വ്യാഴം) രാവിലെ 9.30ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്  നിർവഹിക്കും. പാലത്തിനു സമീപത്ത് നടക്കുന്ന ചടങ്ങിൽ എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ അധ്യക്ഷത വഹിക്കും. അൻവർ സാദത്ത് എം.എൽ.എ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ ബെന്നി ബഹനാൻ എം.പി മുഖ്യാതിഥിയാകും.

മുൻ നിയമസഭാ സ്പീക്കർ പി.പി തങ്കച്ചൻ, മുൻ എം.എൽ.എ സാജു പോൾ, ട്രാവൻകൂർ സിമന്റ് ലിമിറ്റഡ് ചെയർമാൻ ബാബു ജോസഫ്, ബാംബു കോർപ്പറേഷൻ ടി. കെ മോഹനൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹീം, പെരുമ്പാവൂർ നഗരസഭ ചെയർമാൻ ബിജു ജോണ്‍ ജേക്കബ്, വൈസ് ചെയർപേഴ്സൺ ബീവി അബൂബക്കർ,  അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, ഒക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം ഷിയാസ്, വൈസ് പ്രസിഡന്റ് പി.കെ സിന്ധു, കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയാനന്ദൻ, വൈസ് പ്രസിഡന്റ് കെ.എൻ കൃഷ്ണകുമാർ,  ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി അഭിജിത്ത്, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് അംഗം സി. ജെ ബാബു  തുടങ്ങിയവർ പങ്കെടുക്കും.

9 സ്പാനുകളോട് കൂടി  289.45 മീറ്റര്‍ നീളവും ഇരുവശത്തും നടപ്പാത ഉള്‍പ്പെടെ 11.23 മീറ്റര്‍ വീതിയിലുമാണ് പാലം നിർമ്മിച്ചിരിക്കുന്നത്. പെരുമ്പാവൂര്‍ - ആലുവ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലം ഇടുക്കി, കോട്ടയം ജില്ലകളില്‍ നിന്ന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് എത്തുന്നവര്‍ക്ക് എളുപ്പ വഴിയായി മാറും. പ്രദേശവാസികളുടെ ദീർഘകാലമായുള്ള വലിയ സ്വപ്നമാണ് പാലം ഗതാഗത്തിന് തുറന്നു കൊടുക്കുന്നതോടെ യാഥാർത്ഥ്യമാകുന്നത്.

date