Skip to main content

ആശാഭവന്‍ അന്തേവാസികള്‍ക്ക് ഓണസദ്യ വിളമ്പി  കളക്ടറും അസിസ്റ്റന്റ് കളക്ടറും

സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള കാക്കനാട് ആശാഭവനിലെ അന്തേവാസികള്‍ക്ക് ഓണസദ്യ വിളമ്പി ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷും അസിസ്റ്റന്റ് കളക്ടര്‍ നിഷാന്ത് സിഹാരയും. തുടര്‍ന്ന് ഇരുവരും അന്തേവാസികള്‍ക്കൊപ്പം ഓണസദ്യയും കഴിച്ചു.

ആശാഭവനിലെ ഓണാഘോഷ പരിപാടികള്‍ കളക്ടര്‍ ഉദ്ഘാടനം ചെയ്തു. ഇവിടെ സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റിന്റെ ഉദ്ഘാടനവും കളക്ടര്‍ നിര്‍വഹിച്ചു. പ്ലാന്റില്‍ നിന്നുള്ള പാചകവാതകം ഉപയോഗിച്ചുള്ള അടുപ്പിന്റെ പ്രവര്‍ത്തനവും കളക്ടര്‍ ഉദ്ഘാടനം ചെയ്തു. ബയോടെക് റിന്യൂവബിള്‍ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡാണ് ബയോ ഗ്യാസ് പ്ലാന്റ് സ്‌പോണ്‍സര്‍ ചെയ്തത്.

ആശാഭവനിലെ ഓണാഘോഷ പരിപാടികളില്‍ പങ്കെടുത്ത കളക്ടര്‍ ഏവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നു. ജാതിക്കും മതത്തിനും അതീതമായി എല്ലാവരും ഒരേ കുടുംബമാണെന്ന സന്ദേശമാണ് ഓണം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഓണാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച ക്യാരംസ് മത്സരത്തില്‍ വിജയികളായ കണ്ണന്‍, സാബു എന്നിവര്‍ക്കുള്ള സമ്മാനങ്ങളും കളക്ടര്‍ വിതരണം ചെയ്തു. തുടര്‍ന്ന് അന്തേവാസികളുടെ കലാപ്രകടനങ്ങള്‍ നടന്നു. നേരത്തേ അന്തേവാസികള്‍ക്ക് ഓണക്കോടിയും വിതരണം ചെയ്തിരുന്നു.

തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധാമണി പിള്ള ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ വി.ഡി. സുരേഷ്, ഗവ. പ്രസ് ഡെപ്യൂട്ടി സൂപ്രണ്ട് ആര്‍. രശ്മി, ബയോടെക് എം.ഡി. ഡോ. എ. സജി ദാസ്, ഗവ. പ്രസ് എംപ്ലോയീസ് ലൈബ്രറി ആര്‍ട്ട്‌സ് ആന്റ് റിക്രിയേഷന്‍ ക്ലബ്ബ് പ്രസിഡന്റ് ബോസ് കെ. പോള്‍, ആശാഭവന്‍ നഴ്‌സ് ലക്ഷ്മി പ്രിയ, ആശാഭവന്‍ സൂപ്രണ്ട് കെ.ജെ. ജോണ്‍ ജോഷി തുടങ്ങിയവര്‍ പങ്കെടുത്തു.

 

date