Skip to main content

സമം: ചിത്രകാര സംഗമത്തിന് തുടക്കം

സമം- സ്ത്രീ സുരക്ഷയ്ക്കായി സാംസ്‌ക്കാരിക മുന്നേറ്റം -ജില്ലാ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ചിത്രകാര സംഗമത്തിന് തുടക്കമായി. സംസ്ഥാന സര്‍ക്കാര്‍, സാംസ്‌കാരിക വകുപ്പ്, കേരള ലളിതകലാ അക്കാദമി, ജില്ലാ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

 

കാക്കനാട് കമ്മ്യൂണിറ്റി ഹാളില്‍ ആരംഭിച്ച ചിത്രകാര സംഗമം കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ആര്‍. ഗിരിജ ഉദ്ഘാടനം ചെയ്തു.

ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഏതൊരു പ്രവര്‍ത്തനത്തിനും വിജയം കാണാന്‍ സാധിക്കൂ എന്ന് ആര്‍. ഗിരിജ പറഞ്ഞു. വനിതകള്‍ കൂടുതല്‍ ഉന്നമനത്തോടെ മുന്നോട്ട് വരുന്ന കാലമാണിത്. കുടുംബശ്രീ പ്രസ്ഥാനങ്ങളിലൂടെ 25 വര്‍ഷം മുമ്പ് അടുക്കളയില്‍ ആയിരുന്നവര്‍ ഇന്ന് ഏറെ മുന്നോട്ടു പോയിട്ടുണ്ട്. ജനപ്രതിനിധികളായും സംരംഭകരായും വനിതകള്‍ എല്ലാ മേഖലകളിലും കരുത്ത് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ എല്ലാ മേഖലകളിലും പ്രവര്‍ത്തിച്ച് സ്ത്രീകള്‍ക്ക് ജീവിതം കൂടുതല്‍ ക്രിയാത്മകമായി മുന്നോട്ടുപോകാന്‍ സാധിക്കട്ടെ എന്നും അവര്‍ പറഞ്ഞു.

ഗ്രാമീണ മേഖലയിലെ സ്ത്രീകള്‍ക്ക് അവരുടെ അഭിരുചികള്‍, താല്പര്യങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരു അവസരമാണ് സമം പരിപാടിയുടെ ഭാഗമായുള്ള ചിത്രകാര സംഗമം എന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു.

ഗ്രാമീണ മേഖലകളില്‍ നിന്നും തിരഞ്ഞെടുത്ത ആറ് വനിതകളും ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുത്ത 15 പ്രാദേശിക കലാകാരികളുമാണ് ചിത്രകാര സംഗമത്തില്‍ പങ്കെടുക്കുന്നത്.

കേരള ലളിതകലാ അക്കാദമി സെക്രട്ടറി എന്‍. ബാലമുരളീകൃഷ്ണന്‍,  ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ കെ ജി ഡോണാേ മാസ്റ്റര്‍, റാണിക്കുട്ടി ജോര്‍ജ്, മനോജ് മൂത്തേടന്‍, കെ വി രവീന്ദ്രന്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

 

date