Skip to main content

ഓണാഘോഷം: പരിശോധന ശക്തമാക്കി എക്സൈസ് വകുപ്പ്

 

ഓണാഘോഷവുമായി ബന്ധപ്പെട്ട് ലഹരി വസ്തുക്കളുടെ വിപണനവും ഉപയോഗവും തടയുന്നതിനായി റെയ്ഡും പരിശോധനയും ശക്തമാക്കി എക്‌സൈസ് വകുപ്പ്. പരിശോധന കർശനമാക്കുന്നതുമായി ബന്ധപ്പെട്ട് എക്‌സൈസ്, പോലീസ്, റെയിൽവേ പോലീസ്, കസ്റ്റംസ്, കേന്ദ്ര ഇന്റലിജൻസ്, ഡയറക്‌ടേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്, സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് മുതലായ എൻഫോഴ്‌സ്‌മെന്റ് ഏജൻസികളുടെ സംയുക്ത യോഗം കോഴിക്കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ വി രാജേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്നു. 
     
ഓണക്കാലത്തെ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനം ശക്തമാക്കാനും, പാർസർ ഓഫീസുകൾ, റെയിൽവേ സ്റ്റേഷൻ, ട്രെയിൻ, ടൂറിസ്റ്റ് ബസ്സുകൾ എന്നിവ സംയുക്തമായി പരിശോധിക്കാനും പരിശോധനകൾക്ക് ഡോഗ് സ്‌ക്വാഡിന്റെ സേവനം കൂടി ഉപയോഗിക്കാനും യോഗത്തിൽ തീരുമാനിച്ചു. രാത്രികാല വാഹന പരിശോധന കർശനമാക്കും. ടൗൺ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് വിപണനം തടയുന്നതിനായി രഹസ്യവിവരങ്ങൾ പരസ്പരം കൈമാറാനും, സംയുക്തമായി പരിശോധിക്കാനും തീരുമാനമായി. മലയോര മേഖലകളിൽ വ്യാജവാറ്റ് തടയുന്നതിനായി ഇന്റലിജൻസ് വിഭാഗത്തിന്റെ സഹായത്തോടെ പരിശോധന നടത്തും.
 
കൂടാതെ, ഓണാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന മത്സരങ്ങൾക്കും മറ്റു പരിപാടികൾക്കും മദ്യമോ മറ്റു ലഹരിവസ്തുക്കളോ സമ്മാനമായോ പ്രോത്സാഹനമായോ നൽകുന്നത് കർശനമായി തടയുകയും, നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും. സമ്മാന കൂപ്പൺ നൽകിയുള്ള ലഹരി വസ്തുക്കളുടെ വിതരണം, പ്രോത്സാഹനം എന്നിവ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ അറിയിച്ചു.

date