Skip to main content

"മാലിന്യ സംസ്‌കരണ രംഗത്തെ തൊഴിൽ സാധ്യതകൾ" സെമിനാർ സംഘടിപ്പിച്ചു

 

കേരള വനിതാ വികസന കോർപ്പറേഷൻ സ്ത്രീ സംരംഭകർക്കായി നടത്തുന്ന എക്സ്പോ 'എസ്‌കലേറ'യുടെ ഭാഗമായി മാലിന്യ സംസ്‌കരണ രംഗത്തെ തൊഴിൽ സാധ്യതകൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. മാലിന്യ പ്രതിസന്ധിയെ പുതിയ സാങ്കേതിക വിദ്യകൾ കൊണ്ട് എങ്ങനെ നേരിടണമെന്നത് സംബന്ധിച്ചും അത് തുറന്നിടുന്ന തൊഴിൽ സാധ്യതകളെക്കുറിച്ചും വിദഗ്ധർ സംസാരിച്ചു. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് തൊഴിൽ സംരംഭങ്ങൾക്ക് സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നൽകുന്ന സാമ്പത്തിക സഹായങ്ങളും സെമിനാറിൽ ചർച്ചയായി. 

കോഴിക്കോട് നഗരസഭാ ടൗൺ പ്ലാനിങ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കൃഷ്ണകുമാരി അധ്യക്ഷയായി. വനിതാ വികസനവകുപ്പ് മാനേജിങ് ഡയറക്ടർ ബിന്ദു വി.സി ആമുഖ പ്രഭാഷണം നടത്തി. കാലഘട്ടം മാറുന്നതിനനുസരിച്ച് മാലിന്യങ്ങളുടെ തോത് വർധിക്കുന്നുണ്ടെങ്കിലും അതുണ്ടാക്കുന്ന പ്രശ്നങ്ങളിൽ സർക്കാർ ഇടപടലുകൾ ധ്രുതഗതിയിൽ സംഭവിക്കുന്നുണ്ടെന്നും കൃഷ്ണകുമാരി പറഞ്ഞു. കൂടുതൽ സംരംഭങ്ങൾ ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി സൃഷ്ടിക്കപെടുന്നുണ്ടെന്നും അവർ പറഞ്ഞു. കോഴിക്കോട് നഗരസഭ വ്യവസായവകുപ്പുമായി ചേർന്ന് രൂപപ്പെടുത്തിയിട്ടുള്ള വീ ലിഫ്റ്റ് പദ്ധതിയും സംരംഭകർക്ക് ലഭ്യമാകുന്ന വിവിധ സാമ്പത്തിക സഹായങ്ങളും അവർ വിശദീകരിച്ചു.  

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ടുള്ള നൂതന സംരംഭങ്ങൾ ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ അമീർ ഷാ വിശദീകരിച്ചു. കേരളത്തിലെ ഖരമാലിന്യ നിർമ്മാർജ്ജന സംരംഭങ്ങളെക്കുറിച്ചും തൊഴിൽ സാധ്യതകളെക്കുറിച്ചും കേരള സോളിഡ് വെയിസ്റ്റ് മാനേജ്മന്റ് പ്രോഗ്രാമിന്റെ സോഷ്യൽ ഡെവലപ്മെന്റ് എക്സ്പെർട്ട് ജെയ്‌സൺ സംസാരിച്ചു. വേൾഡ് ബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് എന്നിവരും കേരള സർക്കാരും ചേർന്ന് സാമ്പത്തിക സൗകര്യങ്ങൾ ഒരുക്കുന്ന വിവിധ പദ്ധതികൾ സെമിനാറിൽ പരിചയപ്പെടുത്തി. സ്ത്രീ സംരംഭകർക്കുള്ള ഇൻവെസ്റ്റ്മെന്റ് പ്ലാനുകൾ ജിയോജിത് റീജിയണൽ മാനേജർ ആന്റണി ജോസഫ് വിശദമാക്കി.  വനിതാ വികസന കോർപ്പറേഷൻ എച്ച്.ആർ ഹെഡ് സ്റ്റാൻലി സ്വാഗതവും പ്രോജക്ട് ഓഫീസർ ശ്രീജിത്ത് കെ.ജി നന്ദിയും പറഞ്ഞു.

date