Skip to main content
ചെങ്ങന്നൂർ കെ.എസ്‌.ആർ.ടി.സി ബസ് സ്റ്റാന്റിൻറേയും മാർക്കറ്റിൻറേയും നവീകരണം ഉടൻ- മന്ത്രി സജി ചെറിയാൻ

ചെങ്ങന്നൂർ കെ.എസ്‌.ആർ.ടി.സി ബസ് സ്റ്റാന്റിൻറേയും മാർക്കറ്റിൻറേയും നവീകരണം ഉടൻ- മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: ചെങ്ങന്നൂർ കെ.എസ്‌.ആർ.ടി.സി .ബസ് സ്റ്റാന്റ്, മാർക്കറ്റ് എന്നിവയുടെ നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ലോക നാട്ടറിവ് ദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 

സമാനതകളില്ലാത്ത വികസനത്തിനാണ് കഴിഞ്ഞ വർഷങ്ങളിൽ ചെങ്ങന്നൂർ നിയോജകമണ്ഡലം സാക്ഷ്യം വഹിച്ചത്. ചെങ്ങന്നൂർ കെ.എസ്‌.ആർ.ടി.സി. ബസ് സ്റ്റാന്റ്, മാർക്കറ്റ് എന്നിവയുടെ നവീകരണത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്. നിലവിൽ 27 പാലങ്ങളുടെ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നാടിന്റെ ദീർഘകാലത്തേ ആവശ്യമായ ക്രിമേഷൻ സെന്ററിന്റെ നിർമാണവും സമയബന്ധിതമായി പൂർത്തിയാക്കും- മന്ത്രി പറഞ്ഞു. 

നാടിന്റെ സാംസ്കാരിക മണ്ഡലങ്ങളെ വിപുലപ്പെടുത്തുന്നത് നാട്ടറിവുകളാണ്. അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ തീക്ഷ്ണമായ പോരാട്ടത്തിന്റെ ആവിഷ്കാരമാണ് ഫോക്‌ലോറുകൾ. അവയെ സംരക്ഷിക്കേണ്ടതും പരിപോഷിപ്പിക്കേണ്ടതും അത്യാവശ്യമാണ്. പുസ്തകങ്ങളിൽ നിന്നു ലഭിക്കാത്ത വിലപ്പെട്ട അറിവുകളാണ് നാട്ടറിവുകളെന്നും മന്ത്രി പറഞ്ഞു. 

ഇടുക്കി ജില്ലയിലെ ഗോത്ര കലാരൂപമായ മന്നാൻ കൂത്ത്‌, വള്ളുവനാടിന്റെ പ്രാചീന കലയായ പൂതനും തിറയും, മുളസംഗീതം, തെയ്യം, പഞ്ചാരിമേളം തുടങ്ങിയ വിവിധ കലാരൂപങ്ങൾ വേദിയിൽ അരങ്ങേറി. 

ചെങ്ങന്നൂർ ഐ.എച്.ആർ.ഡി. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരള ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ.എസ്‌. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. വിപ്ലവഗായിക പി.കെ. മേദിനിയെ ചടങ്ങിൽ ആദരിച്ചു. ഫോക്ലോർ അക്കാദമി അംഗം പ്രദീപ് പാണ്ടനാട്, കെ.എസ്.സി.എം.എം.സി. ചെയർമാൻ എം.എച്ച്. റഷീദ്, കേരള ഫോക്‌ലോർ അക്കാദമി അംഗം സുരേഷ് സോമ, കേരളഭാഷ ഇൻസ്റ്റിറ്റ്യൂട്ട് അംഗം ബി. ബാബു, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അംഗം ജി. നിശീകാന്ത്, ‌അമ്മ മലയാളം പ്രസിഡന്റ്‌ പ്രൊഫ.ബിജി എബ്രഹം, ഫോക്‌ലോർ അക്കാദമി പ്രോഗ്രാം ഓഫിസർ പി.വി. ലൗലിൻ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു

date