Skip to main content

ഗോത്രതാളവുമായി എസ്കലേറയിൽ തുടിത്താളം

 

ഗോത്ര സംസ്കൃതിയുടെ അടയാളവുമായി തുടിയുടെ താളത്തിൽ ആടിയും പാടിയും പറഞ്ഞും വയനാടൻ ഗോത്ര കലാ സംഘം വനിതാ വികസന കോർപ്പറേഷൻ ബീച്ചിൽ ഒരുക്കുന്ന പ്രദർശന വിപണന മേള 'എസ്കലേറ'യുടെ സദസ്സിനെ കയ്യിലെടുത്തു. 13 വർഷമായി വയനാട് ജില്ലയിലെ ബത്തേരി കേന്ദ്രീകരിച്ച്  തങ്ങളുടേതായ രീതിയിൽ ഗോത്ര കലകളെ അടയാളപ്പെടുത്തുന്ന തുടിത്താളം ഗോത്ര  കലാസംഘമാണ് ഗോത്രഭാഷ നാട്ടു പാട്ടുകളും ഗോത്ര നൃത്തങ്ങളുമായി വേദിയിലെത്തിയത്.

കാട്ടുനായ്ക വിഭാഗക്കാരുടെ കോൽക്കളി പാട്ടുമായാണ് അവർ തുടങ്ങിയത്. പിന്നീട് കാർഷിക തനിമയുടെ പ്രതീകമായ പണിയ സമുദായത്തിന്റെ ഞാറു നടീൽ രംഗങ്ങൾ നൃത്തശില്പമായി വേദിയിൽ പകർന്നാടി. ഗോത്ര നൃത്താവിഷ്കാരമായി കമ്പളിനാട്ടിയും, വട്ടം കളിയും പ്രേക്ഷകർക്ക് മുന്നിലെത്തി.

ചെണ്ട, തുടി, ചീനി, ഡോലക്, ജംബേ, തകിൽ, വടിചെലമ്പ് വാദ്യങ്ങളുടെ അകമ്പടിയോടെ തെയ്യകോലങ്ങൾ, മൃഗവേഷങ്ങൾ എന്നിവ പശ്ചാത്തലത്തിൽ ഒരുങ്ങിയപ്പോൾ പൂർണമായൊരു ഗോത്ര ചടങ്ങിന്റെ അനുഭവം ആസ്വാദകർക്ക് സമ്മാനിച്ചു. തുടിയുടെ താളവും കുഴലിന്റെ ഈണവും ഗോത്രചുവടുകളും നിറഞ്ഞ കയ്യടികളോടെയാണ് സദസ്സ് ഏറ്റെടുത്തത്. കാട്ടുനായ്ക, പണിയ, അടിയ വിഭാഗങ്ങളുടെ പരമ്പരാഗത കലാരൂപങ്ങൾ അരങ്ങിലെത്തിച്ചവർക്കൊപ്പം ഈ വർഷം സാംസ്കാരിക വകുപ്പിന്റെ ഫെല്ലോഷിപ്പ് നേടിയ ആറ് കലാകാരന്മാരുമുണ്ടായിരുന്നു.

date