Skip to main content

2549 അസന്നിഹിത വോട്ടർമാർ; വോട്ടിംഗ് നാളെ ആരംഭിക്കും

 

കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലം  ഉപതെരഞ്ഞെടുപ്പിൽ 2549 അസന്നിഹിതരായ (ആബ്‌സെന്റി) സമ്മതിദായകർ. പോളിംഗ് ദിവസം വിവിധ കാരണങ്ങളാൽ പോളിംഗ് ബൂത്തിൽ എത്താൻ കഴിയാത്തവരാണ് അസന്നിഹിതരായ (ആബ്‌സെന്റി) വോട്ടർമാർ. ഇവർക്ക് വീടുകളിൽ തന്നെ വോട്ടുചെയ്യുന്നതിനുള്ള സൗകര്യമൊരുക്കും. നാളെ (ഓഗസ്റ്റ് 25)മുതലാണ് വോട്ടിംഗ് ആരംഭിക്കുന്നത്.
എൺപതു വയസിനു മുകളിലുള്ളവർ, ഭിന്നശേഷി വിഭാഗത്തിൽ പെട്ടവർ എന്നിവരെയാണ് അസന്നിഹിതരായ വോട്ടർമാർ അഥവാ ആബ്‌സെന്റീ വോട്ടർമാരായി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേക തപാൽ വോട്ടിന് സൗകര്യമൊരുക്കിയത്. 2549 പേരിൽ 350 പേർ ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്നവരും 2199 പേർ 80 വയസിന് മുകളിലുള്ളവരുമാണ്.

തപാൽ വോട്ടു ചെയ്യുന്നതിനുള്ള  12 ഡി അപേക്ഷാ ഫോം പൂരിപ്പിച്ച് നൽകിയവർക്കാണ് അവസരം. ആബ്സെന്റീ വോട്ടർമാർക്ക് മുൻകൂട്ടി അറിയിപ്പ് നൽകിയശേഷം താമസസ്ഥലത്തുവച്ചുതന്നെ തപാൽ വോട്ടു ചെയ്യുന്നതിന് ക്രമീകരണം ഏർപ്പെടുത്തും.
 ഇവരുടെ പോളിംഗ് നടത്തുന്ന സ്‌പെഷ്യൽ പോളിംഗ് ടീമിനുള്ള പരിശീലനം ഇന്ന്( ഓഗസ്റ്റ് 24) നടക്കും. 15 ടീമുകളാണുള്ളത്. ഒരു മൈക്രോ ഒബ്‌സർവർ, പ്രീസൈഡിംഗ് ഓഫീസർ, പോളിംഗ് ഓഫീസർ, വീഡിയോഗ്രാഫർ, ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്നിവരാണ് ഒരു ടീമിലുള്ളത്. ബി.എൽ.ഒമാരുടെ സഹായത്തോടെ വീട് കണ്ടെത്തിയാണ് സ്‌പെഷ്യൽ പോളിംഗ് ഉദ്യോഗസ്ഥർ വോട്ടിംഗിനായി വീട്ടിലെത്തുന്നത്. സർവീസ് വോട്ടർമാർക്കായുള്ള തപാൽവോട്ടുകളുടെ അപേക്ഷ ഓൺലൈനിൽ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

date