Skip to main content

ഫാം ടൂറിസം ശക്തിപ്പെടുത്തും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

 

അത്തിപ്പുഴ എക്കോ വില്ലേജ് ടൂറിസം പദ്ധതി ഉടൻ നടപ്പാക്കും

 

 

കേരളത്തിലെ ഫാം ടൂറിസം മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കൃഷിക്കൊപ്പം കളമശേരി കാർഷികോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമഗ്ര സംയോജിത സുസ്ഥിര കൃഷിയും ടൂറിസവും എന്ന വിഷയത്തിൽ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

കേരള അഗ്രി ടൂറിസം നെറ്റ് വർക്ക് എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിന്റെ സംസ്ഥാന തല ലോഞ്ചിംഗ് ഈ മാസം സംഘടിപ്പിക്കും. 

ടൂറിസവും കൃഷിയും ഒരുമിച്ചു കൊണ്ടു പോകുന്ന പുരോഗമനപരമായ പ്രവണത ലോകത്ത് പലയിടത്തും കാണാം. കൃഷിയും ടൂറിസവും പരസ്പര ബന്ധിതമായ മേഖലകളാണ്. കാഴ്ച ഭംഗി എന്നതിനപ്പുറം അനുഭവവേദ്യ ടൂറിസത്തിന്റെ കാലമാണിത്. ഇതിന് ഏറ്റവും വലിയ സാധ്യതയുള്ളതാണ്.

അനുഭവവേദ്യ ടൂറിസത്തിന് പുതിയ തലം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫാം ടൂറിസത്തിന് രൂപം നൽകിയിട്ടുള്ളത്.  ഉത്തരവാദിത്ത ടൂറിസം മിഷനാണ് ഇതു നടപ്പാക്കുന്നത്. പുരയിടത്തിലെ കൃഷി, ഫാം വിസിറ്റ് യൂണിറ്റുകൾ, ഫാം ആക്ടിവിറ്റി സെന്ററുകൾ, ഫാം സ്റ്റേകൾ, ഫാം ടൂറിസം സെന്റർ എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലായി പദ്ധതി പുരോഗമിക്കുന്നു. 102 യൂണിറ്റുകൾ മേഖലയിൽ പ്രവർത്തിക്കുന്നു. 

കാർഷികവൃത്തി തടസപ്പെടുത്താതെയുള്ള വിനോദ സഞ്ചാരം വിജയകരമായി മുന്നേറുകയാണ്. ഗ്രാമീണ സമ്പദ് വ്യവസ്ഥയും ശക്തിപ്പെടുകയാണ്. ജനങ്ങളും ടൂറിസവും പരസ്പര പൂരകങ്ങളായി പ്രവർത്തിക്കുന്ന ജനകീയ ടൂറിസമാണ് സർക്കാർ നടപ്പാക്കുന്നത്. 

അത്തിപ്പുഴ ടൂറിസം പദ്ധതിക്ക് ടൂറിസം വകുപ്പിന്റെ എല്ലാ പിന്തുണയും മന്ത്രി വാഗ്ദാനം ചെയ്തു. എത്രയും വേഗം പദ്ധതി നടപ്പാക്കണം. ഇതിനായി പ്രാരംഭ ഫണ്ട് മാറ്റി വെക്കുമെന്നും മന്ത്രി പറഞ്ഞു.

കാർഷിക മേഖല. കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും വിദേശ സഞ്ചാരികളെയടക്കം ആകർഷിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ 2022 ൽ സർവകാല റെക്കോഡാണുണ്ടായത്. 2023 ൽ ഈ റെക്കോഡ് മറികടക്കും. 

കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകി മാതൃകാപരമായ പ്രവർത്തനമാണ് കളമശേരി മണ്ഡലത്തിൽ നടക്കുന്നത്. കൃഷിക്കൊപ്പം കളമശേരി എന്ന സുസ്ഥിര കാർഷിക വികസന പദ്ധതി എല്ലാ നിയോജക മണ്ഡലങ്ങളിലും നടപ്പാക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു.

കളമശേരി മണ്ഡലത്തിലെ ടൂറിസം സാധ്യതകൾ ഇനിയും ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി പി. രാജീവ് പറഞ്ഞു. ടൂറിസത്തിന് നിരവധി സാധ്യതകളാണ് ഇവിടെയുള്ളത്. ഈ സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

അത്തിപ്പുഴ എക്കോ വില്ലേജ് ടൂറിസം പദ്ധതിയുടെ അവതരണം ഊരാളുങ്കൽ സൊസൈറ്റി ആർക്കിടെക്ട് ജോൺ പി. ജോൺ നിർവഹിച്ചു. കേരള യൂണിവേഴ്സിറ്റി ഫോർ ഫിഷറീസ് ആന്റ് ഓഷ്യൻ സ്റ്റഡീസ് വൈസ് ചാൻസലർ ഡോ.പി. പ്രദീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി. സിജിഎച്ച് എർത്ത് ചെയർമാൻ ജോസ് ഡൊമിനിക് മുഖ്യാതിഥിയായി. ഉത്തരവാദിത്ത ടൂറിസം മിഷൻ സി ഇ ഒ രൂപേഷ് കുമാർ, നീറിക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിസന്റ് എം.കെ. ബാബു, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്മെന്റ് ചെയർമാൻ കെ.എൻ. ഗോപിനാഥ്, ആത്മ പ്രൊജക്ട് ഡയറക്ടർ ശശികല, കൃഷി വിജ്ഞാൻ കേന്ദ്രം സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് പി.എ. വികാസ് തുടങ്ങിയവർ പങ്കെടുത്തു.

date