Skip to main content

പഴം പച്ചക്കറി ജില്ലാതല ഓണവിപണി ഉദ്ഘാടനം ഇന്ന്

കോട്ടയം: ജില്ലയിലെ കൃഷിവകുപ്പിന്റെ പഴം പച്ചക്കറി വിപണിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഇന്ന് നിർവഹിക്കും. രാവിലെ 10ന് തിരുനക്കര മൈതാനത്ത് നടക്കുന്ന ചടങ്ങിൽ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ പ്രീതാ പോൾ ആദ്യവിൽപ്പന നടത്തും. ജില്ലയിൽ 165 പഴം - പച്ചക്കറി വിപണികൾ ഓഗസ്റ്റ് 25 മുതൽ 28 വരെ പ്രവർത്തിക്കും. ഇവയിൽ 79 എണ്ണം കൃഷിഭവനുകൾ മുഖേനയും 69 എണ്ണം ഹോർട്ടികോർപ്പ് മുഖേനയും 17 എണ്ണം വി.എഫ്.പി.സി.കെ. മുഖേനയും നടത്തും. വിപണികൾക്കാവശ്യമായ പഴം, പച്ചക്കറി ഉത്പന്നങ്ങൾ കർഷകരിൽനിന്ന് നേരിട്ട് സംഭരിക്കും. ജില്ലയിൽ ലഭ്യമല്ലാത്ത പച്ചക്കറികൾ ഹോർട്ടികോർപ്പ് മുഖേന ലഭ്യമാക്കും. പദ്ധതി പ്രകാരം കർഷകരുടെ ഉത്പന്നങ്ങൾക്ക് പൊതുവിപണിയേക്കാൾ 10 ശതമാനം അധിക വില നൽകിയാണ് സംഭരിക്കുന്നത്. ഇപ്രകാരം സംഭരിക്കുന്ന ഉത്പന്നങ്ങൾ വിപണി വിലയേക്കാൾ 30 ശതമാനം വിലക്കുറവിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കും.
ജൈവ കാർഷിക മുറകൾ മുഖേന ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾക്ക് വിപണി വിലയേക്കാൾ 20 ശതമാനം അധിക വില കർഷകന് നൽകിയാണ് സംഭരിക്കുന്നത്. കൂടാതെ എക്കോ ഷോപ്പുകൾ, കൃഷിക്കൂട്ടങ്ങൾ, കാർഷിക ഉൽപാദകരുടെ കൂട്ടായ്മ എന്നിവ ഉത്പാദിപ്പിക്കുന്ന മൂല്യവർധിത ഉത്പന്നങ്ങളും പൂക്കളും വിൽപ്പനയ്ക്ക് ലഭ്യമാക്കും. ഉത്പന്നങ്ങളുടെ വില ക്രമീകരിക്കുന്നതിനായി ജില്ലാതലത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പ്രാദേശികമായി ഉണ്ടാകുന്ന വില വ്യതിയാനങ്ങൾക്കനുസരിച്ച് വില ക്രമീകരിക്കുന്നതിന് ബ്ലോക്ക്തല കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.

 

date