Skip to main content

ഉപതെരഞ്ഞെടുപ്പ്; കാൻഡിഡേറ്റ് സെറ്റിങ്ങിന് ഇന്ന് തുടക്കമാകും

കോട്ടയം: പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ  കാൻഡിഡേറ്റ് സെറ്റിങ്ങിന് ഇന്ന്(ഓഗസ്റ്റ് 25 ) തുടക്കമാകും. കോട്ടയം ബസേലിയസ് കോളേജിലെ സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന വോട്ടിങ് യന്ത്രങ്ങളിൽ  കേന്ദ്ര നിരീക്ഷകന്റെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് കാൻഡിഡേറ്റ് സെറ്റിംഗ് നടത്തുന്നത്. വരണാധികാരിക്കാണ് ചുമതല. പോളിങ് ബൂത്തുകളിലേക്ക് യന്ത്രങ്ങൾ വിതരണം ചെയ്യുന്നതിനു മുൻപുള്ള അവസാന സജ്ജീകരണങ്ങളാണ് കാൻഡിഡേറ്റ് സെറ്റിങ്ങിലുള്ളത്.  സ്ഥാനാർഥികളുടെ പേരും ഫോട്ടോയും ചിഹ്നവുമുള്ള ലേബൽ ബാലറ്റ് യൂണിറ്റിൽ വച്ച് സീൽ ചെയ്യും. വോട്ടു ചെയ്യുമ്പോൾ സ്ലിപ്പ് പ്രിന്റ് ചെയ്യുന്ന വിധത്തിൽ വിവിപാറ്റ് യന്ത്രങ്ങൾ ബാറ്ററി ഇട്ട് സജ്ജമാക്കും.
 മൂന്നു യൂണിറ്റുകളും ബന്ധിപ്പിച്ചശേഷം ഓരോ സ്ഥാനാർഥിക്കും നോട്ടയ്ക്കും ഓരോ വോട്ടു വീതം ചെയ്ത് കൺട്രോൾ യൂണിറ്റിലെ ഫലവും വിവിപാറ്റിന്റെ പ്രവർത്തനവും കൃത്യമെന്ന് ഉറപ്പാക്കും. പരിശോധനയ്ക്കുശേഷം ഈ വോട്ടുകൾ നീക്കും. പരിശോധനാ വേളയിൽ പ്രവർത്തന ക്ഷമമല്ലെന്ന് കണ്ടെത്തുന്ന യന്ത്രങ്ങൾക്കു പകരം പുതിയ യന്ത്രങ്ങൾ വയ്ക്കും. ഓരോ പോളിംഗ് ബൂത്തിലേക്കുമുള്ള കൺട്രോൾ യൂണിറ്റും ബാലറ്റ് യൂണിറ്റും വിവിപാറ്റും ഒന്നിച്ച് സ്‌ട്രോംഗ് റൂമിലേക്ക് മാറ്റും. 18 ടേബിളുകളിലായാണ് ഈ സെറ്റിങ് നടത്തുന്നത്. നൂറ്റൻപതോളം ജീവനക്കാർ ഇതിനായുണ്ട്. ഇവർക്കുള്ള പരിശീലനം ഇന്നലെ നടന്നു.

date