Skip to main content

കാർഷികോത്സവം; കൊതിയൂറും ചക്ക വിഭവങ്ങളൊരുക്കി ചക്കക്കൂട്ടം

 

കളമശ്ശേരി കാർഷികോത്സവത്തിൽ കൊതിയൂറും ചക്ക വിഭവങ്ങളൊരുക്കി ചക്കക്കൂട്ടം. സ്‌ക്വാഷ്, ജാം, ചിപ്സ്, അട, പായസം മിക്സ്‌ തുടങ്ങി പ്രോട്ടീൻ കലവറയായ ചക്കക്കുരു പൗഡർ വരെ മേളയിൽ ലഭ്യമാകും. നാടൻ ചക്കയുടെ മണവും രുചിയും തുളുമ്പുന്ന വിഭവങ്ങളുടെ വിപണനം മേളയിൽ പൊടിപൊടിക്കുകയാണ്. ചക്കക്കൂട്ടത്തിന്റെ പെരുമ കേട്ടറിഞ്ഞ ചക്ക ആരാധകർ  വിഭവങ്ങൾ തേടി ദിനംപ്രതി കാർഷികോത്സവത്തിലെ 'ചക്കക്കൂട്ടം' സ്റ്റാളിൽ എത്തുന്നുണ്ട്. 

വളരെ കുറച്ച് വെളിച്ചെണ്ണ ഉപയോഗിച്ച് തയ്യാറാക്കുന്ന ആരോഗ്യദായക പലഹാരങ്ങളാണ് ചക്കക്കൂട്ടം ബ്രാൻഡ് ഉൽപ്പന്നങ്ങളുടെ പ്രത്യേകത. സെമി ഓട്ടോമാറ്റിക് മെഷീൻസ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ചക്ക വിഭവങ്ങളുടെ ഗുണമേന്മയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ല. 

ചക്കയുടെ വിഭവങ്ങൾ കൂടാതെ പഴം ചിപ്സ്, ഫാഷൻ ഫ്രൂട്ടിന്റെ ജാം, സ്‌ക്വാഷ് ഉത്പന്നങ്ങളും സ്റ്റാളിൽ ലഭിക്കും. ഒരുകൂട്ടം ചക്ക കൊതിയന്മാരുടെ വാട്സ്ആപ്പ് കൂട്ടായ്മയായി തുടങ്ങി സംരംഭമായി  വളർന്ന ചക്കകൂട്ടം ഇന്ന് ചക്കയുടെ നിരവധി മൂല്യ വർദ്ധിത ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നുണ്ട്. ലക്ഷങ്ങളാണ് വരുമാനം നേടുന്നത്. എറണാകുളം ജില്ലയിലെ പട്ടിമറ്റത്ത് 4000 സ്ക്വയർ ഫീറ്റിലാണ് ചക്കക്കൂട്ടം ഫാക്ടറി പ്രവർത്തിക്കുന്നത്.

date