Skip to main content

എല്ലാവരും ഒരു പോലെ ഓണം ആഘോഷിക്കണം: ആന്റണി ജോൺ എം.എൽ.എ

 

ഊര് നിവാസികളെ ചേർത്ത് നിർത്തി കുട്ടമ്പുഴ വെള്ളാരംകുത്തിൽ ഓണാഘോഷം

എല്ലാവർക്കും ഒരു പോലെ ഓണം ആഘോഷിക്കാൻ കഴിയണമെന്നതാണ് സർക്കാർ നയമെന്ന് ആന്റണി ജോൺ എം.എൽ.എ പറഞ്ഞു. വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി കുട്ടമ്പുഴ വെള്ളാരംകുത്തിൽ സംഘടിപ്പിച്ച ഓണാഘോഷം പരിപാടിയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റുള്ളവരെ പോലെ ആദിവാസി സമൂഹത്തിനും ഓണം ആഘോഷിക്കാൻ അവസരം ഒരുക്കുന്നതിനായാണ് ഇത്തരത്തിൽ പരിപാടി സംഘടിപ്പിച്ചത്. ഊര് നിവാസികളെ സംബന്ധിച്ച് ഏറെ സന്തോഷം പകരുന്ന കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഇത് പുതിയ അനുഭവമാണെന്നും ആദ്യമായാണ് ഈ പ്രദേശത്ത് വരുന്നതെന്നും ചടങ്ങിൽ പങ്കെടുത്ത കെ.ജെ മാക്സി എം.എൽ. എ പറഞ്ഞു. ഏവർക്കും ഓണാശംസകളും അദ്ദേഹം നേർന്നു. ഒരുമയുടെ ആഘോഷമാണ് ഓണമെന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. വേർതിരിവുകൾ ഇല്ലാതെ ഏവരും ഒരുപോലെ കൊണ്ടാടുന്നു എന്നതാണ് ഓണം എന്ന ആഘോഷത്തെ വ്യത്യസ്ഥമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഏറെ സന്തോഷം നൽകുന്ന നിമിഷമാണ് ഇതെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്‌ ചടങ്ങിൽ പറഞ്ഞു. കുട്ടമ്പുഴയിലെ ആദിവാസി സമൂഹത്തിന്റെ ക്ഷേമമുറപ്പാക്കാൻ ജനപ്രതിനിധികളും സർക്കാരും ജില്ലാ ഭരണകൂടവും പ്രത്യേക ശ്രദ്ധനൽകുന്നുണ്ട്. ആദിവാസി സമൂഹത്തിനൊപ്പമാണ് എല്ലാവരും എന്ന സന്ദേശം നൽകുന്നതിനായിക്കൂടിയാണ് കുട്ടമ്പുഴയിൽ ഓണാഘോഷം സംഘടിപ്പിച്ചതെന്നും എല്ലാവർക്കും ഓണാശംസകൾ നേരുന്നു എന്നും കളക്ടർ പറഞ്ഞു.

ഊര് നിവാസികളുടെ പാരമ്പരാഗത കലാരൂപമായ കുമ്മിയടി അവതരണത്തോടെയാണ് ആഘോഷപരിപാടികൾ തുടങ്ങിയത്. ചടങ്ങിൽ അർഹരായ അറുപത് വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും പാലിയേറ്റീവ് രോഗികൾക്കും ഓണക്കോടികൾ വിതരണം ചെയ്തു. ആഘോഷ പരിപാടികളുടെ ഭാഗമായി ആന്റണി ജോൺ എം.എൽ.എയുടെയും ജില്ലാ കളക്ടറുടെയും നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രണ്ട് ടീമായി അണിനിരന്ന് സൗഹൃദ വടംവലി മത്സരം നടത്തി. ഓണ സദ്യയും ഒരുക്കിയിരുന്നു.

കുട്ടമ്പുഴ വെള്ളാരംകുത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ കെ.കെ ദാനി,  പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷരായ കെ.എ സിബി, മിനി മനോഹരൻ, ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ജെയിംസ്‌ കോറബേൽ, മീറ്റ് പ്രൊഡക്റ്റ്സ് ഓഫ് ഇന്ത്യ ചെയർമാൻ ഇ.കെ ശിവൻ, ഡി.റ്റി.പി.സി സെക്രട്ടറി ശ്യാം കൃഷ്ണൻ, താലൂക്ക് തഹസിൽദാർ റേച്ചൽ കെ. വർഗീസ്, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ ഡെയ്‌സി ജോയ്, രേഖ രാജു, എൽദോസ്‌ ബേബി, കെ.എസ് സനൂപ്, ഗോപി ബദറൻ, മേരി കുര്യാക്കോസ്‌, ശ്രീജ ബിജു, ഷീല രാജീവ്‌, ആലീസ് സിബി, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ പി.രാജീവ്‌, ഊര് മൂപ്പത്തി സുകുമാരി സോമൻ, ഊര് മൂപ്പൻ പദ്മനാഭൻ തുടങ്ങിയവർ പങ്കെടുത്തു.

date