Skip to main content

കാലടി സർക്കാർ ഹൈസ്കൂളിൽ വർണ്ണക്കൂടാരം

പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി കാലടി സർക്കാർ ഹൈസ്കൂളിലെ പ്രീ പ്രൈമറി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി നിർമിച്ച വർണ്ണ കൂടാരം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.

 വിദ്യാർത്ഥികളുടെ ഭാവിജീവിതം മികവുറ്റതാക്കാൻ പ്രാപ്തമാക്കുന്ന  ശൈശവകാല അനുഭവങ്ങൾ ഒരുക്കാനാണ് പ്രീ പ്രൈമറി വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന സർക്കാർ മുൻഗണന നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.
കുട്ടികള്‍ക്ക് സന്തോഷത്തോടെയും അവരുടെ അഭിരുചിക്കനുസരിച്ചും കളികളില്‍ ഏര്‍പ്പെടാന്‍ കഴിയുന്ന വിശാലവും ശിശു സൗഹൃദവുമായ പ്രവര്‍ത്തന ഇടങ്ങള്‍ ഒരുക്കുക എന്നതാണ് വര്‍ണക്കൂടാരം മാതൃകാ പ്രീ പ്രൈമറി സ്കൂള്‍ പരിപാടിയിലൂടെ സാക്ഷാത്കരിച്ചിരിക്കുന്നത്.

കുഞ്ഞുങ്ങളുടെ ഭാഷാ ശേഷി വളര്‍ത്താന്‍ സഹായിക്കുന്ന ഭാഷാ വികാസ ഇടം, ലഘു ശാസ്ത്രപരീക്ഷണങ്ങള്‍ക്കും നിരീക്ഷണത്തിനും അവസരം നല്‍കുന്ന ഇ  ശാസ്ത്രയിടം, കളികളിലൂടെ കണക്കിന്‍റെ ആദ്യപാഠങ്ങള്‍ നുണയുന്ന ഗണിതയിടം തുടങ്ങി കുട്ടിയുടെ സര്‍വതോന്മുഖ വികാസത്തിനു സഹായിക്കുന്ന 13 പ്രവര്‍ത്തന ഇടങ്ങളാണ് ഓരോ സ്കൂളിലും സജ്ജമാക്കിയിരിക്കുന്നത്.

 2022-23 അക്കാദമിക വര്‍ഷം 44 കോടി രൂപ ചെലവഴിച്ച് 460 പ്രീ പ്രൈമറി സ്കൂളുകളെ ഇത്തരത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താൻ കഴിഞ്ഞിട്ടുണ്ട്. 2023 - 24 അക്കാദമിക വർഷവും വർണ്ണക്കൂടാരം പദ്ധതി ശേഷിക്കുന്ന സ്കൂളുകളിലും വ്യാപിപ്പിക്കാനാണ് സർക്കാർ തീരുമാനം.

 തിരുവനന്തപുരം കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ശരണ്യ എസ്. എസ്. ചടങ്ങിന്റെ അധ്യക്ഷത വഹിച്ചു.

എസ്. എസ്. കെ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ അമുൽ റോയ്, സമഗ്ര ശിക്ഷ കേരളം  ജില്ലാ കോർഡിനേറ്റർ എസ് ജവാദ്, അധ്യാപകർ,രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവരും പങ്കെടുത്തു.

date