Skip to main content
ഓണാഘോഷത്തിന്റെ ഭാഗമായി തേക്കിന്‍കാട് മൈതാനത്ത് ഒരുക്കിയ ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മം ഡിടിപിസി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ നിര്‍വഹിച്ചു.

ജില്ലാതല ഓണാഘോഷത്തിന് ഇന്ന് തുടക്കമാവും; പതിനായിരം പേരുടെ മെഗാ തിരുവാതിര 30ന്

ടൂറിസം വകുപ്പും ഡിടിപിസിയും ജില്ലാഭരണകൂടവും കോര്‍പറേഷനും സംയുക്തമായി നടത്തുന്ന ജില്ലാതല ഓണാഘോഷ പരിപാടികള്‍ക്ക് ഇന്ന് (തിങ്കള്‍) തേക്കിന്‍കാട് മൈതാനത്ത് തുടക്കമാവും. വൈകിട്ട് നാലുമണിക്ക് സിഎംഎസ് സ്‌കൂളിന് എതിര്‍വശത്തെ വേദിയില്‍ നടക്കുന്ന പഞ്ചവാദ്യത്തോടെയാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കമാവുക. 

തുടര്‍ന്ന് 5.30ന് നടക്കുന്ന സമ്മേളനത്തില്‍ ജില്ലാതല ഓണാഘോഷപരിപാടികള്‍ റവന്യൂ മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു അധ്യക്ഷത വഹിക്കും. പട്ടികജാതി പട്ടികവര്‍ഗ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ മുഖ്യാതിഥിയാകും. മേയര്‍, എംപിമാര്‍, എംഎല്‍എമാര്‍, മറ്റ് വിശിഷ്ട വ്യക്തികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം കലാമണ്ഡലം സംഘം അവതരിപ്പിക്കുന്ന നൃത്ത സംഗീത ശില്‍പവും മിഥുന്‍ ജയരാജ്, ഡോ. ബിനിത രഞ്ജിത് എന്നിവരുടെ നേതൃത്വത്തില്‍ കാരവന്‍ ബാന്റിന്റെ സംഗീത സന്ധ്യയും അരങ്ങേറും. 

ഓഗസ്റ്റ് 29ന് വൈകിട്ട് അഞ്ച് മുതല്‍ കളരിപ്പയറ്റ്, ബാംബൂ മ്യൂസിക് ഷോ, ആശാ ശരത്തിന്റെ ഡാന്‍സ് ഷോ, 30ന് വൈകിട്ട് നാലു മണി മുതല്‍ മെഗാ തിരുവാതിര, പിന്നണി ഗായകന്‍ അക്ബര്‍ ഖാന്റെ മെഗാ ഷോ ആന്റ് മ്യൂസിക്കല്‍ പ്രോഗ്രാം, സതീഷ് കലാഭവന്റെ കോമഡി ആന്റ് സിനിമാറ്റിക് ഡാന്‍സ്, സിനിമാ താരം ടിനി ടോം നയിക്കുന്ന കോമഡി ആന്റ് സ്പെഷ്യല്‍ ആക്ട് ഷോ, 31ന് വൈകിട്ട് അഞ്ച് മുതല്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ കലാപരിപാടി, തൃശൂര്‍ പത്മനാഭന്‍ നയിക്കുന്ന ഓള്‍ഡ് ഈസ് ഗോള്‍ഡ് ഗാനമേള, രാജേഷ് ചേര്‍ത്തലയുടെ ഫ്യൂഷന്‍ മ്യൂസിക് എന്നിവയും നടക്കും.

സെപ്റ്റംബര്‍ ഒന്നിന് വൈകിട്ട് നാലിന് പുലിക്കളി മല്‍സരം നടക്കും. 5.30ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ മന്ത്രിമാര്‍, മേയര്‍, എംപിമാര്‍, എംഎല്‍എമാര്‍, വിശിഷ്ടാതിഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് തൃശൂര്‍ കലാസദന്‍ ഒരുക്കുന്ന മ്യൂസിക് നൈറ്റോടെ ആഘോഷ പരിപാടികള്‍ക്ക് തിരശ്ശീല വീഴും. 

കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് 30ന് നടക്കുന്ന പതിനായിരം പേരുടെ മെഗാ തിരുവാതിരയാണ് ഇത്തവണത്തെ ജില്ലാതല ഓണാഘോഷത്തിന്റെ പ്രധാന സവിശേഷത. ഇത്തവണത്തെ പുലിക്കളി മല്‍സരത്തില്‍ അഞ്ച് സംഘങ്ങള്‍ പങ്കെടുക്കും. ഓരോ സംഘത്തിനും സംസ്ഥാന സര്‍ക്കാരും തൃശൂര്‍ കോര്‍പറേഷനും സൗത്ത്സോണ്‍ കള്‍ച്ചറല്‍ സെന്ററും ചേര്‍ന്ന് നാലു ലക്ഷം രൂപ വീതം ലഭ്യമാക്കും. 

ഓണാഘോഷത്തിന്റെ ഭാഗമായി തേക്കിന്‍കാട് മൈതാനത്ത് ഒരുക്കിയ ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മം ഡിടിപിസി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ നിര്‍വഹിച്ചു.

date