Skip to main content

ലോകത്തിന് കേരളം നൽകുന്ന വലിയ സന്ദേശമാണ് ഓണം: മന്ത്രി പി.രാജീവ്‌

 

'ലാവണ്യം 2023' ജില്ലാതല ഓണാഘോഷ പരിപാടികൾക്ക് തുടക്കം

കേരളം ലോകത്തിന് നൽകുന്ന വലിയ സന്ദേശമാണ് ഓണം  എന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന 'ലാവണ്യം 2023' ജില്ലാതല ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി-മത, വർണ്ണ, സാമ്പത്തിക വേർതിരിവുകൾ ഇല്ലാതെ മലയാളികൾ ഒന്നാകുന്ന ആഘോഷമാണ് ഓണം. പലവിധത്തിലും വേർതിരിവുകൾ സൃഷ്ടിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ എല്ലാ മനുഷ്യരും  ഒന്നാണ് എന്ന വലിയ സന്ദേശമാണ് ഓണം നൽകുന്നത്.

കോവിഡ് മഹാമാരിക്ക് ശേഷം മലയാളികൾ പൂർണ്ണ അർത്ഥത്തിൽ ഓണം ആഘോഷിക്കുന്ന വേളയാണിത്. പ്രതിസന്ധികൾ പലതുണ്ടെങ്കിലും ഓണക്കാലത്ത് ജനങ്ങൾക്ക് സഹായമുറപ്പാക്കാൻ  19,000 കോടിരൂപയാണ് സർക്കാർ മാറ്റിവച്ചിരിക്കുന്നത്. എല്ലാവരും നല്ല രീതിയിൽ ഓണം ആഘോഷിക്കണം എന്നതാണ് സർക്കാരിന്റെ നയം. അതിന്റെ ഭാഗമായി കൂടിയാണ് ആദിവാസി മേഖലയായ കുട്ടമ്പുഴയിൽ ഓണാഘോഷം സംഘടിപ്പിച്ചത്.
നഗരമേഖലയിൽ ഒതുങ്ങി നിൽക്കാതെ ജില്ലയുടെ ഗ്രാമീണ മേഖലയിൽ കൂടി പരിപാടികൾ സംഘടിപ്പിക്കുന്നത് മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു. എല്ലാവർക്കും ഓണാശംസകൾ  നേർന്ന ശേഷമാണ് അദ്ദേഹം മടങ്ങിയത്.
 
എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച പരിപാടിയിൽ മേയർ അഡ്വ. എം.അനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, കൊച്ചി കോർപ്പറേഷൻ കൗൺസിലർ പത്മജ.എസ്.മേനോൻ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരായ പി.ആർ റെനീഷ്, ജോർജ് ഇടപ്പരത്തി, ടി.കെ ഷെബീബ്, ഡി.ടി.പി.സി സെക്രട്ടറി ശ്യാം കൃഷ്ണൻ തുടങ്ങിയവർ  പങ്കെടുത്തു.

കേരളത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന വിവിധ കലാരൂപങ്ങൾ അണിനിരന്ന വർണ്ണാഭമായ ഘോഷയാത്രയോടെയാണ് പരിപാടികൾ തുടങ്ങിയത്. ഉദ്ഘാടന ചടങ്ങിന് ശേഷം തുമ്പപ്പൂ എറണാകുളം ടീമിന്റെ നേതൃത്വത്തിൽ ഓണക്കളി അരങ്ങേറി.

date