Skip to main content

ഓണം വാരാഘോഷം: അത്തപ്പുക്കള മത്സരം ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു

ഓണം വാരാഘോഷത്തിന്റെ ഭാഗമായി ചെറുതോണിയില്‍ സംഘടിപ്പിച്ച അത്തപ്പൂക്കള മത്സരം ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഒരുമയുടെ ആഘോഷമാണ് ഓണമെന്നും അത്തപ്പുക്കളവും ഓണമത്സരങ്ങളുമെല്ലാം ഐതിഹ്യങ്ങളുടെ ഓര്‍മ്മപ്പെടുത്തലാണെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് കളക്ടര്‍ പറഞ്ഞു. മത്സരത്തിനെത്തിയ വിദ്യാര്‍ഥികള്‍ക്കൊപ്പം ഫോട്ടോയെടുത്തും ഓണാശംസകള്‍ നേര്‍ന്നുമാണ് കളക്ടര്‍ വേദി വിട്ടത്.
ചെറുതോണി ജില്ലാ വ്യാപരഭവന്‍ ഹാളില്‍ നടന്ന അത്തപ്പൂക്കള മത്സരത്തില്‍ കട്ടപ്പന കോംപറ്റീറ്റര്‍ പി.എസ്.സി കോച്ചിംഗ് സെന്റര്‍ ഒന്നാം സമ്മാനം നേടി. ലക്ഷംകവല സൂര്യ വനിത ലൈബ്രറി രണ്ടാം സമ്മാനവും ചെറുതോണി ഫ്രണ്ട്‌സ് ക്ലബ് മൂന്നാം സമ്മാനവും നേടി. വിജയികള്‍ക്ക് യഥാക്രമം 7001, 5001, 3001 രൂപ സമ്മാനം ലഭിച്ചു. സമ്മാന വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ നിര്‍വഹിച്ചു. മല്‍സരത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മിനി ജേക്കബ്, പഞ്ചായത്തംഗങ്ങളായ സിജി ചാക്കോ, രാജു ജോസഫ്, നൗഷാദ് റ്റി ഇ എന്നിവര്‍ പങ്കെടുത്തു.

date