Skip to main content

ഉപതെരഞ്ഞെടുപ്പ്; സെക്ടറൽ ഓഫീസർമാരെയും   സെക്ടറൽ അസിസ്റ്റന്റുമാരെയും നിയമിച്ചു

കോട്ടയം: പുതുപ്പള്ളി നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സെക്ടറൽ ഓഫീസർമാരെയും സെക്ടറൽ അസിസ്റ്റന്റുമാരെയും നിയമിച്ച്  ജില്ലാ കളക്ടർ വി.വിഗ്നേശ്വരി ഉത്തരവായി. 16 സെക്ടറൽ ഓഫീസർമാരെയും 16 സെക്ടറൽ അസിസ്റ്റന്റുമാരെയുമാണ് നിയോഗിച്ചിട്ടുള്ളത്. മജിസ്റ്റീരിയൽ അധികാരത്തോടുകൂടിയാണ് ഇവരുടെ നിയമനം.

പോളിങ്് സ്റ്റേഷനുകളിലെ പ്രവർത്തനങ്ങൾ വിലയിരുത്തി പുരോഗതി റിപ്പോർട്ട് ചെയ്യുകയും സുഗമമായ വോട്ടെടുപ്പ് ഉറപ്പാക്കുകയുമാണ് ഇവരുടെ ചുമതല. വോട്ടെടുപ്പിന് മുമ്പ് സെക്ടറൽ ഓഫീസർമാർ തങ്ങളുടെ ചുമതലയിലുള്ള പോളിങ്് കേന്ദ്രങ്ങൾ സന്ദർശിച്ച്  സജജീകരണങ്ങൾ പൂർത്തിയായിട്ടുണ്ടോയെന്ന് പരിശോധിക്കണം. എല്ലാ പോളിംഗ് ഉദ്യോഗസ്ഥരും പോളിങ് കേന്ദ്രത്തിൽ  എത്തിയിട്ടുണ്ടെന്നും ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് സാമഗ്രികൾ ലഭിച്ചിട്ടുണ്ടെന്നും ഉറപ്പാക്കണം.  

പോളിങ് കേന്ദ്രങ്ങളിൽ ഏതെങ്കിലും പോളിംഗ് സാമഗ്രികളുടെ കുറവുണ്ടായാൽ അവ ഉടൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കേണ്ടതും സെക്ടറൽ ഓഫീസർമാരാണ്. ഇതിന് ആവശ്യമായ ഫോറങ്ങളും തെരഞ്ഞെടുപ്പ് സാമഗ്രികളും എപ്പോഴും വാഹനത്തിൽ കരുതിയിരിക്കണം.

ഏതെങ്കിലും പോളിങ്് കേന്ദ്രത്തിൽ അടിയന്തര സാഹചര്യത്തിൽ പുതിയ വോട്ടിങ് യന്ത്രം ആവശ്യമായി വന്നാൽ അവ ഉടൻ ലഭ്യമാക്കണം. പോളിങ്് സ്റ്റേഷനിലോ അവയുടെ പരിസരത്തോ ഏന്തെങ്കിലും തർക്കങ്ങൾ ഉണ്ടായാൽ പോലീസുമായി ബന്ധപ്പെട്ട് പരിഹരിക്കണം.
 ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ, വരണാധികാരി, പ്രിസൈഡിംഗ് ഓഫീസർമാർ, പ്രദേശത്ത് ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥർ എന്നിവരുടെ മൊബൈൽ നമ്പരുകൾ സെക്ടറൽ ഓഫീസർമാരുടെ കൈവശം ഉണ്ടായിരിക്കണം. വോട്ടെടുപ്പിന് മൂന്നുദിവസം മുമ്പുമുതൽ പോളിംഗിന് ശേഷം സാധനങ്ങൾ തിരികെ സ്‌ട്രോംഗ് റൂമിൽ സൂക്ഷിക്കുന്നതു വരെയാണ് സെക്ടറൽ ഓഫീസർമാരുടെ സേവന സമയം.
 

date