Skip to main content

ശ്രീകണ്ഠാപുരം നഗരസഭയിൽ മാലിന്യ നിർമാർജനത്തിനായി 5.5 കോടി രൂപയുടെ പദ്ധതി

മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ശ്രീകണ്ഠാപുരം നഗരസഭയിൽ മാലിന്യ നിർമ്മാർജനത്തിനും ശുചിത്വ വത്കരണത്തിനുമായി 5.5 കോടി രൂപയുടെ പദ്ധതി. ജൈവ അജൈവ മാലിന്യം കൃത്യമായി വേർതിരിച്ച് സംസ്‌കരിക്കുകയും ഇതുവഴി നഗരസഭയുടെ പരിധിയിൽ വരുന്ന മുഴുവൻ പ്രദേശങ്ങളും ശുചീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കേരള സംസ്ഥാന വേസ്റ്റ് മാനേജ്മെന്റ് ഫണ്ട്, കേന്ദ്ര ധനകാര്യ കമ്മിഷൻ ഗ്രാൻഡ്,  സ്വച്ച് ഭാരത് മിഷൻ ഫണ്ട് തുടങ്ങിയ വിവിധ ഫണ്ടുകളാണ് പദ്ധതിക്കായി ഉപയോഗിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി വീടുകളിലെ ജൈവമാലിന്യം സംസ്‌കരിക്കുന്നതിന് 6000 വീടുകളിൽ റിംഗ് കമ്പോസ്റ്റ് വിതരണം ചെയ്യും. 2.5 കോടി രൂപയാണ് പദ്ധതിക്കായി നീക്കി വെച്ചത്. കൂടാതെ 700 വീടുകളിൽ ജൈവ മാലിന്യ സംസ്‌കരണത്തിനായി ബയോ ബിൻ കമ്പോസ്റ്റുകളും ഫ്ളാറ്റുകൾ, സ്‌കൂളുകൾ എന്നിവിടങ്ങളിലെ ജൈവ മാലിന്യങ്ങൾ സംസ്‌കരിച്ച് നേരിട്ട് വളമാക്കി മാറ്റുന്നതിനുള്ള മെഷീനുകളും സജ്ജികരിക്കും. ബയോഗ്യാസ് നിർമ്മാണത്തിനായി 12.15 ലക്ഷം രൂപയും ഹരിതസേനയ്ക്ക് മാലിന്യശേഖരണത്തിന് ഓട്ടോറിക്ഷ വാങ്ങാൻ 10.5 ലക്ഷം രൂപയുമാണ് അനുവദിക്കുക. മൂന്ന് ഓട്ടോറിക്ഷകൾ ലഭ്യമാക്കും. വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും ശേഖരിക്കുന്ന അജൈവമാലിന്യങ്ങൾ എംസിഎഫിൽ എത്തിക്കുന്നതിന് വേണ്ടിയാണിത്.
ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾക്കായി ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് ആപ്പ് പ്രവർത്തനങ്ങൾക്കായി 9.64 ലക്ഷം രൂപയും. മാലിന്യം വലിച്ചെറിയൽ സാധ്യതയുള്ള പ്രദേശങ്ങളിൽ സിസിടിവി ക്യാമറ സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപയും വിനിയോഗിക്കും.  ബസ് സ്റ്റാന്റ്, സ്‌കൂളുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതെ ശേഖരിക്കുന്നതിന് മിനി ബൂത്തുകൾക്കായി 1.07 ലക്ഷവും രൂപയും പ്ലാസ്റ്റിക്കിന് ബദലായുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന യൂണിറ്റ് സ്ഥാപിക്കാൻ 10 ലക്ഷം രൂപയും സാനിറ്ററി നാപ്കിൻ നശിപ്പിക്കുന്നതിനുള്ള മെഷീൻ സ്ഥാപിക്കാൻ 6.5 ലക്ഷം രൂപയാണ് വകയിരുത്തിയത്. ഡ്രൈനേജ് മാൻ ഹോൾ ക്ലീനിങ് ചെയ്യുന്ന തൊഴിലാളികൾക്ക് സുരക്ഷിതത്വം ഉറപ്പാക്കാനായി സഫായി കർമ്മാചാരി പ്രോജക്ട് നടപ്പിലാക്കും. ഹരിത കർമ്മ സേനയ്ക്ക് യൂണിഫോം, സുരക്ഷാ ഉപകരണങ്ങൾ, ഗ്രീൻ പ്രോട്ടോകോൾ ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിനും തുക വകയിരുത്തി.
ഇവ കൂടാതെ പദ്ധതിയുടെ ഭാഗമായി തുമ്പൂർമൂഴി മോഡൽ എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിക്കൽ, ലഗസി മാലിന്യങ്ങൾ നീക്കം ചെയ്യൽ, വ്യക്തിഗത ശൗചാലയം നിർമ്മിക്കുന്നതിനുള്ള സഹായം, ബൊക്കാഷി ബക്കറ്റ് വിതരണം, എം സി എഫിലേക്ക് ഉപകരണങ്ങൾ വാങ്ങൽ, കാവുമ്പായി എം സി എഫിൽ അഗ്നി സുരക്ഷ സംവിധാനമൊരുക്കൽ തുടങ്ങി വിവിധ പ്രവർത്തനങ്ങളാണ് നഗരസഭ ആസൂത്രണം ചെയ്തിരിക്കുന്നത്.

date