Skip to main content

തെരഞ്ഞെടുപ്പ്; വോട്ടിങ് പുരോഗതി വേഗത്തിലറിയാൻ പോൾ മാനേജർ ആപ്ലിക്കേഷൻ

കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  വോട്ടിങ്് വിവരങ്ങൾ എളുപ്പത്തിൽ കൈമാറാൻ ഉപകരിക്കുന്ന പോൾ മാനേജർ മൊബൈൽ ആപ്ലിക്കേഷൻ  സജ്ജമായി.
വോട്ടെടുപ്പ് ദിനത്തിലും തലേ ദിവസവും പോളിങ്് ഉദ്യോഗസ്ഥരിൽ നിന്നും പ്രധാന വിവരങ്ങൾ ഈ ആപ്പ് മുഖേന സ്വീകരിക്കും.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രവും പോളിങ്്  സാമഗ്രികളുമായി വോട്ടെടുപ്പിന്റെ തലേന്ന്  ഉദ്യോഗസ്ഥർ വിതരണ കേന്ദ്രത്തിൽനിന്ന് പുറപ്പെടുന്നതു മുതൽ വോട്ടെടുപ്പ് അവസാനിച്ച് തിരികെ സ്വീകരണ കേന്ദ്രത്തിൽ എത്തുന്നതുവരെയുള്ള വിവരങ്ങൾ തത്സമയം മേലുദ്യോഗസ്ഥരെ അറിയിക്കുന്നതിനാണ് ഈ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത്. രാവിലെ വോട്ടിങ് ആരംഭിക്കുമ്പോൾ മുതൽ വോട്ടിങ് നില സംബന്ധിച്ച വിശദാംശങ്ങൾ ആപ്ലിക്കേഷൻ ശേഖരിക്കും. വോട്ടിങ് പുരോഗതി ജില്ലാ കളക്ടറും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറും വിലയിരുത്തും. പുതുപ്പള്ളി നിയമസഭ നിയോജകമണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തിയ സ്ത്രീകളുടെയും പുരുഷന്മാരുടെയും എണ്ണം പോൾ മാനേജറിലൂടെ അറിയാനാകും. പോളിംഗ് തടസപ്പെടുന്ന - സാഹചര്യം ഉണ്ടായാൽ വിവരം അറിയിക്കുന്നതിനുള്ള  എസ്.ഒ.എസ് സംവിധാനവും ആപ്പിലുണ്ട്. ക്രമസമാധാന പ്രശ്‌നം, വോട്ടിങ് യന്ത്രങ്ങളുടെ തകരാറ്, വൈദ്യുതി തടസം തുടങ്ങിയവ ജില്ലാതലത്തിൽ അറിയിക്കാനാകും. പ്രിസൈഡിങ് ഓഫീസർ, ഫസ്റ്റ് പോളിങ് ഓഫീസർ, സെക്ടറൽ ഓഫീസർ എന്നിവർക്ക്  ഈ ആപ്ലിക്കേഷൻ ഉപയോഗിക്കാനാവും. നാഷണൽ ഇൻഫർമാറ്റിക് സെന്ററാണ് ആപ്പ് തയ്യാറാക്കിയത്

date