Skip to main content

കരിഞ്ചീരകക്കോഴിയും ജമ്പോ ജിഗർതണ്ടയുമായി ഓണം പൊളിക്കാം; കനകക്കുന്നിൽ സജീവമായി ഭക്ഷ്യ സ്റ്റാളുകൾ

ഒരുമയുടെ മാത്രമല്ല, ഭക്ഷണത്തിൻ്റെ കൂടി ആഘോഷമാണ് മലയാളികൾക്ക് പൊന്നോണം. വൈവിധ്യമാർന്ന വിഭവങ്ങൾ രുചിച്ച് ഈ ഓണക്കാലം സമ്പൂർണമാക്കാൻ കനകക്കുന്ന് സൂര്യകാന്തിയിലെ ഭക്ഷ്യ സ്റ്റാളുകൾ സജീവമായി. 12 ആം വർഷവും തുളുനാടൻ ബിരിയാണി വിളമ്പാൻ എത്തിയ ഷിഫ മുതൽ ആദ്യ പരീക്ഷണത്തിനെത്തിയ തെക്കൻ വൈബ്സ് സൗഹൃദ കൂട്ടായ്മയും വയറും മനസ്സും നിറയ്ക്കാൻ കലവറ തുറന്നു കഴിഞ്ഞു.

പന്ത്രണ്ട് വർഷമായി കാസർഗോട്ടുകാരി ഷിഫാ ഫാത്തിമ തിരുവനന്തപുരത്തെ ഓണത്തിന് ഭക്ഷണം വിളമ്പുന്നു. സ്പെഷ്യൽ തുളുനാടൻ ദം ബിരിയാണി, ചിക്കൻ പൊള്ളിച്ചത്, ഹെർബൽ ചിക്കൻ, പലതരം മീൻ വിഭവങ്ങൾ എല്ലാം ഷിഫയുടെ തീൻ മേശയിൽ നിരന്നു കഴിഞ്ഞു.

പാൽ കപ്പ - ബീഫ് എന്ന ആരെയും വീഴത്തുന്ന വജ്രായുധവും ഒരുക്കിയാണ് തെക്കൻ വൈബ്സ് ആദ്യ അങ്കത്തിന് ഇറങ്ങുന്നത്. കൂടാതെ മുഹബത്ത് കാ സർബത്ത് , പൈനാപ്പിൾ ബജി, ഐസ്ക്രീം സർബത്ത് അങ്ങനെ ഈ ഓണത്തിന് ഒരു കൈ നോക്കാനുള്ള വിഭവങ്ങളെല്ലാം തെക്കൻ വൈബ്സും റെഡിയാക്കി.

അഞ്ചാം വർഷവും മലബാറിന്റെ രുചി വിളമ്പാൻ കോഴിക്കോട് കഫെ കുടുംബശ്രീയും സജ്ജമാണ്. മലബാർ സ്പെഷ്യൽ ദം ബിരിയാണി, മലബാർ സ്നാക്സ്, കരിഞ്ചീരക കോഴി അങ്ങനെ വായിൽ കൊതിയൂറും വിഭവങ്ങൾ നിറച്ചാണ് കോഴിക്കോടൻ കുടുംബശ്രീ എത്തിയിരിക്കുന്നത്. ജംബോ ജിഗർതണ്ട, ഡിലൈറ്റ് ജിഗർതണ്ട തുടങ്ങി ഏഴോളം ജിഗർതണ്ട വെറൈറ്റീസ് അണിനിരത്തി മധുരൈ സ്പെഷ്യൽ ജിഗർതണ്ട സ്റ്റാളും ഒരുങ്ങിക്കഴിഞ്ഞു.

date