Skip to main content

ദുരന്തങ്ങളെ നേരിടാൻ "സജ്ജം": കുട്ടികൾക്കുള്ള പരിശീലനം തുടങ്ങി

 

നാദാപുരം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ ബാലസഭയുടെ നേതൃത്വത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ്റെ സഹായത്തോടെ കുട്ടികൾക്കായി “സജ്ജം ”എന്ന പേരിൽ ക്യാമ്പ് ആരംഭിച്ചു.' പ്രകൃതി-പരിസ്ഥിതി ദുരന്ത ആഘാത ലഘൂകരണം', 'കുട്ടികളുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും' എന്നീ വിഷയങ്ങളിൽ കുട്ടികൾക്ക് അവബോധം  വളർത്തുകയാണ് ബാലസഭാ ക്യാമ്പയിനിന്റെ ലക്ഷ്യം.

പ്രളയം, ഉരുൾപൊട്ടൽ, വരൾച്ച, മണ്ണിടിച്ചിൽ, കടൽക്ഷോഭം തുടങ്ങി വിവിധ പ്രകൃതി ദുരന്ത സാധ്യതകളെ കുറിച്ച് അറിയാനും നിലവിലെ ദുരന്തനിവാരണ സംവിധാനങ്ങളെ കുറിച്ച് മനസ്സിലാക്കുന്നതിനും പ്രതിരോധശേഷി  വളർത്താനും കുട്ടികൾക്ക് അവസരമൊരുക്കും. കാലാവസ്ഥ വ്യതിയാനം കുട്ടികളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതുൾപ്പെടെ കുട്ടികൾക്ക് സ്വയം മനസ്സിലാക്കാൻ കഴിയുന്ന വിധത്തിലുള്ള വിവിധ പ്രവർത്തനങ്ങളിലൂടെയാണ് പരിശീലനം നൽകുന്നത്. രണ്ട് ദിവസം നീണ്ടുനിൽക്കുന്നതാണ് പരിശീലനം.

നാദാപുരത്ത് വിവിധ വാർഡുകളിൽ നിന്നായി 50 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്, അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ, സി ഡി എസ് കുടുംബശ്രീ ചെയർപേഴ്സൺ പി പി റീജ, സി ഡി എസ് അക്കൗണ്ടന്റ് കെ സിനിഷ. എന്നിവർ സംസാരിച്ചു. കുടുംബശ്രീ ബാലസഭ റിസോഴ്സ് പേഴ്സൺ വി സിന്ധു, എന്‍ ഷിജി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് എടുത്തു.

date