Skip to main content

കേരളത്തില്‍ ആദ്യം, ഓണത്തിനിടയില്‍ ട്രെന്‍ഡിംഗായി കനകക്കുന്നിലെ ലേസര്‍ ഷോ

ഓണാഘോഷത്തില്‍ ന്യൂജനറേഷന്‍ പിള്ളേര്‍ക്കിടയിലെ പുതിയ സംസാരവിഷയം കനകക്കുന്നിലെ ലേസര്‍ ഷോയെക്കുറിച്ചാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തോടനുബന്ധിച്ച് കനകക്കുന്നില്‍ ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ നേതൃത്വത്തിലാണ് വിനോദസഞ്ചാര വകുപ്പ് ലേസര്‍ ഷോ തയ്യാറാക്കിയത്. വിദേശരാജ്യങ്ങളിൽ പ്രസിദ്ധമായ ലേസര്‍ ഷോ ഇതാദ്യമായാണ് സംസ്ഥാനത്ത് ഒരു സര്‍ക്കാര്‍ പരിപാടിക്ക് വേണ്ടി ഉപയോഗിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.മലയാളം, തമിഴ് ഹിറ്റ് പാട്ടുകള്‍ക്കൊപ്പം ലേസര്‍ പ്രകാശവും ചേരുന്നതോടെ പുതുതലമുറയ്ക്ക് ആടിത്തിമിര്‍ക്കാനുള്ള വേദിയാവുകയാണ് കനകക്കുന്ന്. ഉത്രാടദിനത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയുടെ സാന്നിധ്യത്തില്‍ വിനോദസഞ്ചാര വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസാണ് ലേസര്‍ ഷോ ഉദ്ഘാടനം ചെയ്തത്.

അത്യാധുനിക ജര്‍മന്‍ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ആറ് ലേസര്‍ യന്ത്രങ്ങളാണ് നയനമനോഹരമായ ലേസര്‍ ഷോയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ബംഗളൂരുവില്‍ നിന്നെത്തിയ മൂന്ന് സാങ്കേതിക വിദഗ്ദ്ധര്‍ നിയന്ത്രിക്കുന്ന ഷോ, വിനോദസഞ്ചാര രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളും പുതിയ സാധ്യതകളും ഓണസന്ദേശവും അടങ്ങിയ കാഴ്ചകളോടെയാണ് തുടങ്ങുന്നത്. പിന്നാലെ ഹിറ്റ് ഗാനങ്ങള്‍ കൂടി വരുന്നതോടെ സദസ് ഇളകി മറിയാന്‍ തുടങ്ങും. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ ചില പാട്ടുകള്‍ക്കാണ് ആരാധകരേറെ. അരമണിക്കൂറാണ് നിശ്ചയിച്ചിരുന്നതെങ്കിലും ആവേശമുയര്‍ന്നതോടെ കഴിഞ്ഞ ദിവസം ഒന്നരമണിക്കൂറിലധികം ഷോ നീണ്ടു.

date