പയ്യോളിയിലെ മാലിന്യ സംസ്കരണം ഇനി സ്മാർട്ടാകും
പയ്യോളിയിലെ മാലിന്യ സംസ്കരണം ഇനി കൂടുതൽ സ്മാർട്ടാകും. ഒരു കോടിയോളം രൂപ ചെലവഴിച്ച് നിർമ്മിച്ച നഗരസഭയിലെ പുതിയ മെറ്റീരിയൽ റിസോഴ്സ് ഫെസിലിറ്റി സെന്റർ (എം.ആർ. എഫ്) കേന്ദ്രം നാടിന് സമർപ്പിച്ചു. നഗരസഭയിൽ അജൈവ പാഴ് വസ്തുക്കൾ പരിപാലനം നടത്തിവരുന്ന ഹരിത കർമ്മസേനയുടെ പ്രവർത്തനം മെച്ചപ്പെടുത്താനും വരുമാന വർദ്ധനവിനും എം.ആർ.എഫ്. ഏറെ ഗുണം ചെയ്യുമെന്ന് നഗരസഭാ ചെയർമാൻ വടക്കയില്‍ ഷെഫീക്ക് പറഞ്ഞു.
വിശാലമായ കോമ്പൗണ്ടിൽ 3500 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് കെട്ടിടം നിർമ്മിച്ചത്. ചുറ്റുമതിൽ കെട്ടി നിലം ഇന്റർലോക്ക് പാകി വലിയ ലോറികൾക്കും എളുപ്പത്തിൽ പ്രവേശിക്കാവുന്ന തരത്തിലാണ് നിർമ്മാണം പൂർത്തീകരിച്ചത്. ഹരിത കർമ്മസേനയുടെ ഓഫീസ് പ്രവർത്തനത്തിനുള്ള മുറിയും സേനാംഗങ്ങൾക്ക് ഭക്ഷണം കഴിക്കുന്നതിനും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.
പാഴ് വസ്തുക്കൾ വിവിധ തരങ്ങളായി സൂക്ഷിക്കാൻ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. തരം തിരിച്ച പ്ലാസ്റ്റിക്ക് വസ്തുക്കൾ അടുക്കുകളായി സൂക്ഷിക്കാൻ ബെയ്ലിംഗ് മെഷീൻ സ്ഥാപിച്ചിട്ടുണ്ട്. സോട്ടിംഗ് ടേബിളുകളും ഓഫീസ് ഫർണ്ണിച്ചറുകളും ആവശ്യമായ കസേരകളും അലമാരകളും ഉണ്ട്. സിസിടിവി കവറേജും കേന്ദ്രത്തിനുണ്ട്.
9277 500 രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. ഇതിൽ 8377500 രൂപ കേന്ദ്ര ധനകാര്യ കമ്മീഷൻ ടൈഡ് ഫണ്ടും 900000 രൂപ നഗരസഞ്ചയം ഫണ്ടുമാണ്. കൂടാതെ ട്രാൻസ്ഫോർമർ സ്ഥാപിക്കാൻ 10 ലക്ഷം രൂപ വകയിരുത്തിയിട്ടുമുണ്ട്. കൂടാതെ കേന്ദ്രത്തിന്റെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും യന്ത്രങ്ങൾ സ്ഥാപിക്കുന്നതിനും കേരള ഖരമാലിന്യ പരിപാലന പദ്ധതി പ്രകാരം 2053 900/- രൂപയും വകയിരുത്തിയിട്ടുണ്ട്.
- Log in to post comments