Skip to main content

മൊത്തം കളറാണ്, അടുത്ത വര്‍ഷവും സര്‍പ്രൈസുണ്ട്: ഓണ വിശേഷങ്ങളിൽ മന്ത്രി റിയാസ്

ഓണംവാരാഘോഷത്തിനെത്തുന്നവര്‍ക്ക് ഇത്തവണ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ സര്‍പ്രൈസാണ് കനകക്കുന്നിലെ ലേസര്‍ഷോയെന്നും അടുത്ത വര്‍ഷവും ഒരു സര്‍പ്രൈസുണ്ടായിരിക്കുമെന്നും വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കനകക്കുന്നിലെ ഓണവിശേഷങ്ങള്‍ നേരിട്ടറിയാനെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. രണ്ടുവര്‍ഷം ഓണമാഘോഷിക്കാന്‍ കഴിയാത്തതിന്റെ പ്രതികാരമെന്ന നിലയിലാണ് 2022ല്‍ ജനങ്ങള്‍ ഓണം വാരാഘോഷത്തെ ഏറ്റെടുത്തത്. കഴിഞ്ഞ തവണത്തേക്കാള്‍ പുതുമ വേണമെന്ന് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണ കനകക്കുന്നില്‍ ലേസര്‍ ഷോ ഏര്‍പ്പെടുത്തിയതും ദീപാലങ്കാരത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നതും.ഇത് ജനങ്ങള്‍ സ്വീകരിച്ചത് സന്തോഷം നല്‍കുന്ന കാര്യമാണെന്നും മന്ത്രി പറഞ്ഞു.തിരുവനന്തപുരത്തെ ജനങ്ങള്‍ക്കുള്ള ഓണസമ്മാനമാണ് നവീകരിച്ച മാനവീയം വീഥിയും കലാഭവന്‍ മണി റോഡുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കനകക്കുന്നിലെ ലേസര്‍ ഷോ നടക്കുന്ന സ്ഥലത്തെത്തിയ മന്ത്രിക്കൊപ്പം സെല്‍ഫിയെടുക്കാനും വിശേഷങ്ങള്‍ പങ്കു വയ്ക്കാനും വന്‍ തിരക്കായിരുന്നു. എല്ലാവര്‍ക്കുമൊപ്പം സെല്‍ഫിക്ക് പോസ് ചെയ്തും ലേസര്‍ ഷോ ആസ്വദിച്ചതിനും ശേഷമാണ് അദ്ദേഹം മടങ്ങിയത്.

date