Skip to main content

കനകക്കുന്നിലെത്തിയാല്‍ ഓണക്കാഴ്ചകളും കാണാം,ശുചിത്വപാഠങ്ങളും ശീലിക്കാം

സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന്റെ പ്രധാന വേദിയായ കനകക്കുന്നില്‍ ജില്ലാ ശുചിത്വ മിഷന്റെയും തിരുവനന്തപുരം കോര്‍പ്പറേഷന്റെയും നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കായി നടത്തുന്ന പ്രത്യേക ശുചിത്വ - മാലിന്യ സംസ്‌കരണ ബോധവല്‍ക്കരണം ശ്രദ്ധേയമാകുന്നു.ഉറവിട,ജൈവ മാലിന്യ സംസ്‌കരണ ഉപാധികളുടെ പരിചയപ്പെടുത്തലും അവയുടെ പ്രവര്‍ത്തന രീതികളുടെ വിശദീകരണവുമാണ് സംഘടിപ്പിച്ചിരിക്കുന്നത്.ജില്ലാ ശുചിത്വ മിഷന്‍ ആര്‍. പിമാരുടെയും(റിസോഴ്സ് പേഴ്സണ്‍ )ഹരിത കര്‍മ്മ സേനാംഗങ്ങളുടെയും നേതൃത്വത്തിലാണ് ബോധവല്‍ക്കരണം.ജൈവ മാലിന്യ സംസ്‌കരണ ഉപകരണങ്ങള്‍ ഏതെല്ലാം,അവയുടെ പ്രവര്‍ത്തന രീതി, ലഭ്യത,വില വിവരങ്ങള്‍ എന്നിവയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇവര്‍ ജനങ്ങളെ പറഞ്ഞു മനസിലാക്കും. പൊതുജനങ്ങള്‍ക്കിടയില്‍ ഉറവിട ജൈവമാലിന്യ സംസ്‌കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെയും അവ സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കുന്നതിന്റെയും ഭാഗമായാണ് ബോധവല്‍ക്കരണം സംഘടിപ്പിച്ചിരിക്കുന്നത്.

ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ ഹരിത ചട്ടം പൂര്‍ണമായും പാലിച്ചാണ് കനകക്കുന്നിലും പരിസരത്തും ഓണം വാരാഘോഷം നടക്കുന്നത്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പൂര്‍ണമായും ആഘോഷ പരിപാടികളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.കനകക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന കച്ചവട സ്ഥാപനങ്ങളിലെ വ്യാപാരികള്‍ക്ക് പ്ലാസ്റ്റിക് ഉപയോഗം തടയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇത് ലംഘിച്ചാലുള്ള ശിക്ഷാ നടപടികളെ കുറിച്ചും പ്രത്യേക ബോധവല്‍ക്കരണവും നല്‍കിയിരുന്നു.പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ശുചിത്വ മിഷന്‍ കനകക്കുന്നിലെ പ്രവേശന കവാടത്തിന് സമീപം സ്ഥാപിച്ച ഇന്‍സ്റ്റലേഷനും ഇതിനോടകം ശ്രദ്ധേയമായിട്ടുണ്ട്.പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് നിര്‍മിച്ച കൂറ്റന്‍ സര്‍പ്പം ഭൂമിയെ വിഴുങ്ങുന്ന രൂപത്തിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.

date