Skip to main content

നവകാര്‍ഷിക മുന്നേറ്റം മൂല്യവര്‍ധിത ഉത്പന്നവൈവിധ്യവുമായി കര്‍ഷക കൂട്ടായ്മ

ശുദ്ധമായ ഉരുക്ക് വെളിച്ചെണ്ണ, മൂന്ന് ആയുര്‍വേദ എണ്ണകള്‍, സ്‌ക്വാഷ്, ചമ്മന്തിപ്പൊടി - ഉത്പന്നങ്ങളെല്ലാം ‘കണ്ണാടി’ ബ്രാന്‍ഡില്‍! തനത് വഴികളിലൂടെ പുതിയ ബ്രാന്‍ഡ് വിപണിയിലെത്തിക്കുന്നത് നാട്ടിന്‍പുറത്തെ കര്‍ഷക കൂട്ടായ്മ, അതിന്റേയും പേര്-കണ്ണാടി. ചിറക്കര കൃഷിഭവന്റെ ആഭിമുഖ്യത്തിലാണ് കൂട്ടായ്മയുടെ പ്രവര്‍ത്തനം.

മൂല്യവര്‍ധിത ഉത്പന്ന യൂണിറ്റായിട്ടാണ് വൈവിധ്യവത്കരണത്തിന്റെ സാധ്യതകള്‍ പരീക്ഷിക്കുന്നത്. കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും വരുമാനത്തിന്റെ പുതുവഴികള്‍ കൂടിയാണ് ഇവിടെ തുറക്കപ്പെടുന്നത്. കര്‍ഷകരില്‍ നിന്ന് നേരിട്ട് തേങ്ങസംഭരിച്ച് ആലപ്പുഴ കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ സാങ്കേതികസഹായത്തോടെയാണ് വിവിധയിനം മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മാണം. പച്ചത്തേങ്ങ പിഴിഞ്ഞ് പാലെടുത്ത് അതില്‍നിന്നും എണ്ണ വേര്‍തിരിച്ച് പരമ്പരാഗത രീതിയിലാണ് ഉരുക്ക്‌വെളിച്ചെണ്ണ നിര്‍മിക്കുന്നത്. കലര്‍പ്പില്ലാത്ത എണ്ണ വിപണിയില്‍ ചലനങ്ങളുണ്ടാക്കിത്തുടങ്ങിയിട്ടുമുണ്ട്. 100 മില്ലി ലിറ്റര്‍ ഉരുക്ക്‌വെളിച്ചെണ്ണയ്ക്ക് 160 രൂപയാണ് നിരക്ക്.

വിധിപ്രകാരമുള്ള ആയുര്‍വേദ എണ്ണകളും വിപണയിലിറക്കിക്കഴിഞ്ഞു. വെന്ത വെളിച്ചെണ്ണ ബ്രഹ്മി 100 മില്ലി ലിറ്ററിന് 210 രൂപയും കുടങ്ങല്‍, കയ്യോന്നി എന്നിവയ്ക്ക് യഥാക്രമം 199, 180 രൂപയുമാണ് വില.  

നാളികേരത്തിന്റെ വെള്ളം ഉപയോഗിച്ചാണ് മധുരമൂറുന്ന സ്‌ക്വാഷ് നിര്‍മാണം. 500 മില്ലി ലിറ്ററിന് 110 രൂപയാണ് വില ; തേങ്ങാവെള്ളത്തില്‍ നിന്നുള്ള വിനാഗിരി 500 മില്ലി ലിറ്ററിന് 55 രൂപയും. ശേഖരിക്കുന്ന തേങ്ങയില്‍ നിന്ന് ചമ്മന്തിപ്പൊടിയുമുണ്ട് – 250 ഗ്രാമിന് 120 രൂപ.

കണ്ണാടിക്കൂട്ടായ്മയില്‍ 15 പേരാണുള്ളത്. വിപണി സാധ്യതകള്‍ക്കനുസൃതമായി കൂടുതല്‍ ഉത്പന്നങ്ങള്‍ക്കായുള്ള പരിശ്രമത്തിലാണ് ഈ സംഘം.

(പി.ആര്‍.കെ നമ്പര്‍ 2749/2023)

date