Skip to main content

ഓണം വിപണിയിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ വ്യാപക പരിശോധന: 777 സ്ഥാപനങ്ങൾക്കെതിരെ കേസ് 

 

ഓണത്തോടനുബന്ധിച്ച് ലീഗൽ മെട്രോളജി വകുപ്പ് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ച് 3337 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. നിയമലംഘനങ്ങൾ നടത്തിയതായി കണ്ടെത്തിയ 777 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കേസെടുത്ത് 30,34,500 രൂപ പിഴ ഈടാക്കിയതായി ഉത്തരമേഖലാ ജോയിന്റ് കൺട്രോളർ രാജേഷ് സാം അറിയിച്ചു.

ലീഗൽ മെട്രോളജി നിയമപ്രകാരം ആവശ്യമായ രേഖപ്പെടുത്തലുകൾ ഇല്ലാത്ത ഉല്പന്ന പായ്ക്കറ്റുകൾ വില്പനയ്ക്ക് പ്രദർശിപ്പിച്ചിരുന്ന ബേക്കറികൾ, സൂപ്പർ മാർക്കറ്റുകൾ ഹൈപ്പർ മാർക്കറ്റുകൾ, സ്റ്റേഷനറി കടകൾ, ഇലക്ട്രോണിക് ഉപകരണ കേന്ദ്രങ്ങൾ, ഓണച്ചന്തകൾ, റേഷൻ പൊതുവിതരണ കേന്ദ്രങ്ങൾ, ഇന്ധന വിതരണ കേന്ദ്രങ്ങൾ, വസ്ത്രവ്യാപാര കേന്ദ്രങ്ങൾ, വഴിയൊര കച്ചവടം,ജ്വല്ലറികൾ തുടങ്ങിയ സ്ഥാപനങ്ങളിലാണ് പരിശോധനകൾ നടത്തിയത്. 

യഥാസമയം മുദ്ര പതിപ്പിക്കാതെ അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിച്ചതിന് വിവിധ വ്യാപാര സ്ഥാപനങ്ങൾക്കെതിരെ 626 കേസുകളും, പാക്കേജുകളിൽ ആവശ്യമായ രേഖപ്പെടുത്തലുകൾ ഇല്ലാതെ വിൽപ്പന നടത്തൽ/എം.ആർ.പി തിരുത്തൽ എന്നിവയുമായി ബന്ധപ്പെട്ട 142 കേസുകളും അളവിലും തൂക്കത്തിലും കുറവ് വരുത്തിയ സ്ഥാപനങ്ങൾക്കെതിരെ 8 കേസുകളും എം.ആർ.പി യേക്കാൾ അമിത വില ഈടാക്കി വിൽപ്പന നടത്തിയതായി കണ്ടെത്തിയതിന് ഒരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കണ്ടെത്തുന്ന കേസുകളിൽ പിഴ ഈടാക്കുന്നതും പിഴ ഒടുക്ക് വരുത്താത്തവ കോടതിയിൽ ഫയൽ ചെയ്യുന്നതുൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിച്ചു വരികയാണെന്നും തുടർന്നും പരിശോധനകൾ ഉണ്ടായിരിക്കുമെന്നും ഉത്തരമേഖല ജോയിന്റ് കൺട്രോളർ അറിയിച്ചു.

date