Skip to main content
ഫോട്ടോ: വടക്കഞ്ചേരി പോലീസ് സ്റ്റേഷനില്‍ പ്രവര്‍ത്തനമാരംഭിച്ച സ്നേഹിതാ ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌കിന്റെ ഉദ്ഘാടനം പി.പി സുമോദ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി വടക്കഞ്ചേരിയില്‍ സ്നേഹിതാ ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക് ശനിയാഴ്ചകളില്‍ സ്നേഹിത കൗണ്‍സിലര്‍മാരുടെ സേവനം

ഒറ്റപ്പെട്ടവരും നിരാലംബരും പ്രശ്നങ്ങള്‍ നേരിടുന്നതുമായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പിന്തുണയും സഹായവും താത്ക്കാലിക അഭയവും നല്‍കുന്നതിനായി കുടുംബശ്രീയുടെ സ്നേഹിതാ ജന്‍ഡര്‍ ഹെല്‍പ് ഡെസ്‌കിന്റെ രണ്ടാമത് എക്സ്റ്റന്‍ഷന്‍ സെന്റര്‍ വടക്കഞ്ചേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. വടക്കഞ്ചേരി ശിശു സൗഹൃദ പോലീസ് സ്റ്റേഷനിലാണ് എക്സ്റ്റന്‍ഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം. എല്ലാ ശനിയാഴ്ചകളിലും രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ രണ്ട് സ്നേഹിത കൗണ്‍സിലര്‍മാരുടെ സേവനം ലഭ്യമാകും. ഗാര്‍ഹിക പ്രശ്നങ്ങള്‍, ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകള്‍, കൗമാരക്കാരുടെ പ്രശ്നങ്ങള്‍, കുട്ടികള്‍ വീടുവിട്ടിറങ്ങുന്നത് മുതല്‍ പ്രണയ പരാജയം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍, മൊബൈല്‍ ഫോണ്‍ ഇന്റര്‍നെറ്റ് ദുരുപയോഗം തുടങ്ങിയ സാഹചര്യങ്ങളില്‍ ഹെല്‍പ് ഡെസ്‌ക് മുഖേന
പരിഹാരം കണ്ടെത്തും. മാനസിക സേവനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനും ഇതിലൂടെ മാനസികാരോഗ്യമുള്ള ജനതയെ സൃഷ്ടിക്കാനും സ്നേഹിത സഹായകമാകും.
പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ കൗണ്‍സലിങ് നല്‍കേണ്ടവരുടെ വിവരങ്ങള്‍ സ്റ്റേഷനില്‍ നിന്ന് സ്നേഹിതയിലേക്ക് കൈമാറും. തുടര്‍ന്നാണ് ഇവര്‍ക്ക് കൗണ്‍സലിങ് നല്‍കുന്നത്. ഹെല്‍പ് ഡെസ്‌കിലൂടെ ഇതുവരെ അഞ്ച് കേസുകളില്‍ കൗണ്‍സലിങ് ആരംഭിച്ചു. സേവനം ആവശ്യമുള്ളവര്‍ക്ക് 9605483474 ലൂടെ നേരിട്ടും ബന്ധപ്പെട്ടാന്‍ കഴിയും.
എക്സ്റ്റന്‍ഷന്‍ സെന്ററിന്റെ ഉദ്ഘാടനം വടക്കഞ്ചേരി പോലീസ് സ്റ്റേഷനില്‍ പി.പി സുമോദ് എം.എല്‍.എ നിര്‍വഹിച്ചു. വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് അധ്യക്ഷയായി. ആലത്തൂര്‍ ഡിവൈ.എസ്.പി ആര്‍. അശോകന്‍ മുഖ്യാതിഥിയായി. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ ചന്ദ്രദാസ്, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.പി ബെന്നി, വടക്കഞ്ചേരി പോലീസ് സ്റ്റേഷന്‍ എസ്.ഐ ജീഷ്മോന്‍ വര്‍ഗീസ്, ചൈല്‍ഡ് വെല്‍ഫയര്‍ ഓഫീസര്‍ എ.എസ്.ഐ സൗമിനി, വടക്കഞ്ചേരി പോലീസ് സ്റ്റേഷന്‍ പി.ആര്‍.ഒ വി. അബ്ദുള്‍ നാസര്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ കെ. ശുഭല, കണ്ണമ്പ്ര സി.ഡി.എസ് ചെയര്‍പേഴ്സണ്‍ രജനി, സ്നേഹിത സ്റ്റാഫ് കോ-ഓര്‍ഡിനേറ്റര്‍ എ. ചന്ദ്രിക, ജില്ലാ ജെന്‍ഡര്‍ പ്രോഗ്രാം മാനേജര്‍ അര്‍ജുന്‍ പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
 

date