Skip to main content

ഗ്രാമീണ ഗവേഷക സംഗമം - 2023 തൃശൂരിൽ; ഗ്രാമീണ ഗവേഷകർക്കും വിദ്യാർഥികൾക്കും അപേക്ഷിക്കാം

 

ഗ്രാമീണ മേഖലയിലെ അസംഘടിതരായ ഗവേഷകർക്കായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ (KSCSTE) വർഷം തോറും സംഘടിപ്പിച്ചു വരുന്ന വേറിട്ട പരിപാടിയാണ് ഗ്രാമീണ ഗവേഷക സംഗമം. ഗ്രാമീണ ഗവേഷകരെയും സാങ്കേതിക വിദഗ്ധരെയും പ്രോത്സാഹിപ്പിക്കുകയും അവരുടെ കണ്ടുപിടുത്തങ്ങൾ പ്രദർശിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള വേദിയൊരുക്കുകയും അവർക്കു മറ്റു ശാസ്ത്ര സാങ്കേതിക വിദഗ്ധരുമായി ആശയവിനിമയം നടത്താനുള്ള അവസരമൊരുക്കുകയുമാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. പ്രാദേശിക തലത്തിലും സംസ്ഥാനതലത്തിലും രണ്ട് ഘട്ടങ്ങളിലായാണ് ഗ്രാമീണ ഗവേഷക സംഗമം 2023 സംഘടിപ്പിക്കുന്നത്. സംഗമം തൃശൂർ പീച്ചിയിലെ കേരള വന ഗവേഷണ സ്ഥാപനത്തിൽ നവംബർ 17,18 തീയതികളിൽ നടക്കും. കേരള സ്റ്റാർട്ടപ്പ് മിഷൻ,  സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ ലിമിറ്റഡ്തദ്ദേശ സ്വയംഭരണ വകുപ്പ് എന്നീ വകുപ്പുകൾ KSCTE യുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്.

ഗ്രാമീണ ഗവേഷക സംഗമം 2023 ൽ പങ്കെടുക്കുന്നവരിൽ നിന്നും മികച്ച സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്ന ഗ്രാമീണ ഗവേഷകരെ കണ്ടെത്തി സമ്മാനം നൽകി പ്രോത്സാഹിപ്പിക്കുന്നു. പങ്കെടുക്കുന്നവരിൽ നിന്നും ഏറ്റവും മികച്ച സാങ്കേതിക വിദ്യയ്ക്ക് മുഖ്യമന്ത്രിയുടെ റൂറൽ ഇന്നൊവേഷൻ അവാർഡ് നൽകിവരുന്നു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. സംഗമത്തിലെ രണ്ടാമത്തെ മികച്ച രണ്ട് കണ്ടുപിടിത്തങ്ങൾക്ക് റൂറൽ ഇന്നൊവേഷൻ അവാർഡുകളുമുണ്ട്. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് ഈ അവാർഡ്. അഞ്ച് മികച്ച കണ്ടുപിടിത്തങ്ങൾക്ക് അയ്യായിരം രൂപയുംപ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പ്രത്യേക അവാർഡുകൾ വേറെ. വിദ്യാർഥികളിൽ ഗ്രാമീണ സാങ്കേതിക വിദ്യകളോടുള്ള അഭിരുചി വർധിക്കാനായി രണ്ട് വിദ്യാർഥി റൂറൽ ഇന്നൊവേഷൻ അവാർഡുകളും നൽകുന്നു. പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ഏറ്റവും കൂടുതൽ ഗ്രാമീണ ഗവേഷകരെ സംസ്ഥാന തല സംഗമത്തിൽ പങ്കെടുപ്പിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന് ഇരുപതിനായിരം രൂപയും നൽകുന്നു.

ഗ്രാമീണ ഗവേഷക സംഗമത്തിൽ ഗ്രാമീണ ഗവേഷകർക്കും വിദ്യാർഥികൾക്കും പങ്കെടുക്കാം. അപേക്ഷകൾ ഓൺലൈനായി www.kscste.kerala.gov.in മുഖേനയാണ് നൽകേണ്ടത്. അവസാന തീയതി സെപ്റ്റംബർ 25.

പി.എൻ.എക്‌സ്4164/2023

date