Skip to main content

തോട്ടില്‍ അഴുക്കുചാല്‍ സംവിധാനം തയ്യാറാക്കണം പാലക്കാട് താലൂക്ക് തല വികസന സമിതി യോഗം ചേര്‍ന്നു

അകത്തേത്തറ-നടക്കാവ് മേല്‍പ്പാലത്തിനടുത്ത് റെയില്‍വേ ലൈനിനടിയിലൂടെയുള്ള പാലക്കാട് നഗരസഭയുടെ പരിധിയിലുള്ള തോട്ടില്‍ കൃത്യമായ അഴുക്കുചാല്‍ സംവിധാനം തയ്യാറാക്കണമെന്ന് പാലക്കാട് താലൂക്ക് വികസന സമിതി യോഗത്തില്‍ ആര്‍.ഡി.ഒയുടെ നിര്‍ദേശം. തോട്ടിലെ നീരൊഴുക്ക് തടസപ്പെട്ടതിനാല്‍ അകത്തേത്തറ പഞ്ചായത്തിലെ എ.കെ.ജി കോളനി, ഐശ്വര്യ കോളനി ഭാഗങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ടെന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയിലാണ് നിര്‍ദേശം. താലൂക്ക് സമിതി മുഖാന്തിരം ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കണമെന്നും ആര്‍.ഡി.ഒ നിര്‍ദേശിച്ചു. എലപ്പുള്ളി ഗ്രാമപഞ്ചായത്ത് വഴി സര്‍വീസ് നടത്തുന്ന ബസുകളില്‍ പാറ എന്നത് എലപ്പുള്ളി പാറ എന്ന് എഴുതുന്നത് സംബന്ധിച്ച് ആര്‍.ടി.ഒക്ക് കത്ത് നല്‍കാന്‍ ആര്‍.ഡി.ഒ നിര്‍ദേശിച്ചു. പഞ്ചായത്ത് പ്രസിഡന്റിന്റെ ആവശ്യത്തെ തുടര്‍ന്നാണ് നിര്‍ദേശം.
തിരുനെല്ലായി സ്വകാര്യ ആശുപത്രി റോഡില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ആട്, പോത്ത് എന്നിവയുടെ തോല്‍ സംസ്‌കരിച്ച ശേഷമുള്ള ഉപ്പുവെള്ളം പുഴയിലേക്ക് ഒഴുക്കിവിടുന്നത് സംബന്ധിച്ച് നഗരസഭയുടെ ഹെല്‍ത്ത് ഇന്‍സ്പെക്ടറോട് പരിശോധിക്കാനും അടുത്ത യോഗത്തിനു മുമ്പ് റിപ്പോര്‍ട്ട് ലഭ്യമാക്കാനും ആര്‍.ഡി.ഒ നിര്‍ദ്ദേശിച്ചു. അകത്തേത്തറ ഗ്രാമപഞ്ചയത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണന്‍ അധ്യക്ഷയായ യോഗത്തില്‍ എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു, വിവിധ രാഷ്ട്രീയ പ്രതിനിധികളായ എ. ഭാസ്‌കരന്‍, എം. കബീര്‍, ശിവരാജേഷ്, ജയന്‍ മമ്പറം, കെ. ബഷീര്‍, ഉബൈദുള്ള, പാലക്കാട് ആര്‍.ഡി.ഒ ഡി. അമൃതവല്ലി, പാലക്കാട് താലൂക്ക് ഭൂരേഖാ തഹസില്‍ദാര്‍ വി. സുധാകരന്‍, താലൂക്കുതല ഉദ്യോഗസ്ഥര്‍, മറ്റ് വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

date