Skip to main content
വിവേചനത്തിനെതിരെയുള്ള പോരാളികൾ ആകണം അധ്യാപകർ: മന്ത്രി കെ രാധാകൃഷ്ണൻ 

ചേലക്കര മണ്ഡലത്തിലെ വിരമിച്ച അധ്യാപകരെ ആദരിച്ചു

വിവേചനത്തിനെതിരെയുള്ള പോരാളികൾ ആകണം അധ്യാപകർ: മന്ത്രി കെ രാധാകൃഷ്ണൻ 

ജാതിമത വേർതിരിവുകൾ ഇല്ലാതെ വിവേചനങ്ങൾക്കെതിരെ പോരാടുന്നവർ ആകണം അധ്യാപകരെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നാക്കക്ഷേമ, ദേവസ്വം, പാർലമെന്ററി കാര്യവകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ.
ചേലക്കര നിയോജക മണ്ഡലത്തിലെ വിരമിച്ച അധ്യാപകർക്ക് അധ്യാപക ദിനത്തിൽ ഒരുക്കിയ നാടിന്റെ സ്നേഹാദരം പരിപാടി ഉദ്ഘടാനം നിർവഹിക്കുകയായിരുന്നു മന്ത്രി. സമൂഹത്തിന്റെയും വ്യക്തിയുടെയും വളർച്ചയ്ക്ക് പ്രധാന പങ്കു വഹിക്കുന്നവരാണ് അധ്യാപകർ. അധ്യാപകരുടെ അറിവും അനുഭവവും സമൂഹത്തിന്റെ മുന്നേറ്റത്തിന് ഉപയോഗിക്കാൻ കഴിയണമെന്ന് മന്ത്രി പറഞ്ഞു. കേരളത്തെ വിശപ്പുരഹിത സമൂഹമായി മാറ്റുമെന്നും 2024 ഡിസംബർ 31നകം അതിദരിദ്രർ ഇല്ലാത്ത രാജ്യത്തെ ഒന്നാമത്തെ സംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സോഷ്യൽ പ്രോഗ്രാം ഫോർ എജുക്കേഷനൽ എംപവർമെന്റ് ഫോർ ചേലക്കര (സ്പീക്ക്) ആണ് പരിപാടി സംഘടിപ്പിച്ചത്.
സംഘാടക സമിതി കൺവീനർ ചെയർമാൻ ഡോ. എ എം അബ്‌ദുൾ ഷെരീഫ് അധ്യക്ഷനായി. കേരള കലാമണ്ഡലം കൽപിത സർവകലാശാല വൈസ് ചാൻസിലർ ഡോ. എം വി നാരായണൻ മുഖ്യപ്രഭാഷണം നടത്തി. കൺവീനർ എം എൻ നീലകണ്ഠൻ മാസ്റ്റർ, കാലിക്കറ്റ് സർവകലാശാല ഡീൻ ഡോ. ടി വി മധു, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി നഫീസ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്റഫ്, ജില്ലാ പഞ്ചായത്ത് അംഗം കെ ആർ മായ ടീച്ചർ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ, സിനി ആർട്ടിസ്റ്റ് ജയരാജ് വാര്യർ, സംഘാടക സമിതി വൈസ് ചെയർമാൻ ഡോ. സതീഷ് പരമേശ്വരൻ തുടങ്ങിയവർ സംസാരിച്ചു.

date