Skip to main content
സാഹിത്യ അക്കാദമി അവാർഡുകൾ വിതരണം ചെയ്തു

സാഹിത്യലോകം സംവാദങ്ങൾക്ക്  നേതൃത്വം നൽകേണ്ടത് അനിവാര്യം - മന്ത്രി സജി ചെറിയാൻ

- സാഹിത്യ അക്കാദമി അവാർഡുകൾ വിതരണം ചെയ്തു

മാനവികതയും മതനിരപേക്ഷതയും ജനാധിപത്യവും വെല്ലുവിളി നേരിടുന്ന കാലത്ത് ഇവയെ സംരക്ഷിക്കാനുള്ള വലിയ ഉത്തരവാദിത്വം സാഹിത്യ ലോകത്തിനുണ്ടെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. മലയാളഭാഷയെ ലോക സമൂഹത്തിന് പരിചയപ്പെടുത്താനും ലോക ശ്രദ്ധയിലേക്ക് എത്തിക്കാനുള്ള ഇടപെടലുകൾ നടത്തണമെന്നും സാഹിത്യ അക്കാദമിയിൽ നടന്ന പുരസ്കാര സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.   മലയാള സംസ്കൃതി പരിപോഷിപ്പിക്കാനും വികസിപ്പിക്കാനും സാഹിത്യ അക്കാദമി നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. സാഹിത്യലോകത്തിന്റെ സ്വതന്ത്ര അവകാശ അധികാരങ്ങളെ സംരക്ഷിച്ചു കൊണ്ടാണ് അക്കാദമിയുടെ പ്രവർത്തനങ്ങൾ. സാഹിത്യരംഗത്ത് ദേശീയതലത്തിൽ മികച്ച മുന്നേറ്റം സൃഷ്ടിക്കാനും സാഹിത്യ അക്കാദമിക്ക് കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. 

ആശയ സംവാദങ്ങളുടെ കുറവ് ആശങ്ക ഉയർത്തുന്ന ഈ നാളുകളിൽ സാമൂഹിക മാറ്റങ്ങൾ സൃഷ്ടിക്കാൻ ഉതകുന്ന സംവാദങ്ങൾക്ക് സാഹിത്യലോകം നേതൃത്വം നൽകണമെന്നും മന്ത്രി സജി ചെറിയാൻ കൂട്ടി ചേർത്തു.

മതനിരപേക്ഷതയും മൂല്യബോധവും സാഹിത്യത്തിലൂടെ മലയാളം എന്നും  ഉയർത്തി പിടിച്ചിട്ട് ഉണ്ടെന്ന് ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. സാമൂഹിക  നവോത്ഥാനത്തിന് ചുക്കാൻ പിടിച്ച സാഹിത്യ രംഗം പ്രതിജ്ഞബദ്ധമായി ഇക്കാര്യങ്ങളിൽ മുന്നിട്ട് ഇറങ്ങണമെന്നും മന്ത്രി കൂട്ടി ചേർത്തു. 

വിശിഷ്ടാംഗത്വം ലഭിച്ച ഡോ. എം എം ബഷീർ, എൻ. പ്രഭാകരൻ എന്നിവരെ മന്ത്രി സജി ചെറിയാൻ, കെ രാജൻ എന്നിവർ ചേർന്ന് പുരസ്കാരങ്ങൾ നൽകി ആദരിച്ചു. എൻ പ്രഭാകരന്റെ അസാന്നിധ്യത്തിൽ മകൻ പി ആർ സുചേത് ആദരം ഏറ്റുവാങ്ങി. 

സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ നൽകി. ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി, ഡോ.  പള്ളിപ്പുറം മുരളി, ജോൺ സാമുവൽ, കെ പി സുധീര, ഡോ. രതി സക്സേന, ഡോ. പി കെ സുകുമാരൻ എന്നിവരാണ് പുരസ്കാരത്തിന് അർഹരായവർ. 

സാഹിത്യ അക്കാദമി ചെയർമാൻ സച്ചിദാനന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ റവന്യൂ മന്ത്രി കെ രാജൻ വിശിഷ്ടാതിഥിയായിരുന്നു. 
സി പി അബൂബക്കർ,  അക്കാദമി നിർവഹസമിതി അംഗങ്ങളായ വിജയലക്ഷ്മി, ആലങ്കോട് ലീലാകൃഷ്ണൻ, സുകുമാരൻ ചാലിഗദ്ദ തുടങ്ങിയവർ പങ്കെടുത്തു. പുരസ്കാര സമർപ്പണത്തോട് അനുബന്ധിച്ച് ഉച്ചയ്ക്ക് സർഗ്ഗസംവാദവും ഉച്ചതിരിഞ്ഞ് അക്കാദമി അവാർഡ്, വിലാസിനി അവാർഡ് എൻഡോമെന്റ് അവാർഡ് സമർപ്പണവും  എന്നിവയും നടന്നു.

date