Skip to main content
ഗുരുവായൂർ നിയോജകമണ്ഡലത്തിലെ ഫിഷറീസ് കോളജ് നിർമ്മാണവുമായി ബന്ധപ്പെട്ട് എൻ കെ അക്ബർ എം എൽ എ

ഫിഷറീസ് കോളജ് നിർമ്മാണം: അവലോകന യോഗം ചേർന്നു

ഗുരുവായൂർ നിയോജകമണ്ഡലത്തിലെ ഫിഷറീസ് കോളജ് നിർമ്മാണവുമായി ബന്ധപ്പെട്ട് എൻ കെ അക്ബർ എം എൽ എ യുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. കോളേജ് കെട്ടിടം നിർമ്മാണം പൂർത്തീകരിക്കുന്നതു വരെ ഫിഷറീസ് കോഴ്സുകൾ നടത്തുന്നതിന് താത്കാലിക സംവിധാനമൊരുക്കാൻ തീരുമാനിച്ചു. പുത്തൻ കടപ്പുറം ഫിഷറീസ് ടെക്നിക്കൽ വിദ്യാലയത്തിലെ ഷീറ്റ് കെട്ടിടം എം എൽ എ ഫണ്ട് ഉപയോഗിച്ച് പുനർനിർമ്മിക്കും. കവാടം, ടോയ്ലെറ്റ് ബ്ലോക്ക് , ഓഫീസ് റൂം, രണ്ട് ക്ലാസ് റൂം എന്നിവ കെട്ടിടത്തിൽ ഉൾപ്പെടുത്തും. എസ്റ്റിമേറ്റ് ഒരാഴ്ചക്കുള്ളിൽ തയ്യാറാക്കി നൽകാൻ ചാവക്കാട് നഗരസഭാ എഞ്ചിനിയറിങ്ങ് വിഭാഗത്തെ ചുതമലപ്പെടുത്തി.

ഫിഷറീസ് കോളജ് നിർമ്മാണത്തിനായി പുത്തൻ കടപ്പുറം ഫിഷറീസ് ടെക്നിക്കൽ വിദ്യാലയത്തിലെ പഴയ ഹോസ്റ്റൽ കെട്ടിടം പൊളിക്കാൻ ഫിഷറീസ് ഡയറക്ട്രേറ്റിൽ നിന്നും ഉടൻ അനുമതി ലഭ്യമാക്കാൻ എം എൽ എ അധികൃതർക്ക് നിർദ്ദേശം നൽകി. കെട്ടിടം പൊളിക്കാൻ വേണ്ട വിലനിശ്ചയിച്ച് അടിയന്തരമായി ടെണ്ടർ നടപടി സ്വീകരിക്കണമെന്നും എം എൽ എ നിർദ്ദേശിച്ചു. ആരംഭിക്കേണ്ട ഫിഷറീസ് കോഴ്സുകൾ സംബന്ധിച്ച് യോഗം ചർച്ച ചെയ്തു. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങ് കോഴ്സ് ആരംഭിക്കാനാവശ്യമായ ലാപ് ടോപ് എം എൽ എ ഫണ്ട് ഉപയോഗിച്ച് വാങ്ങാമെന്ന് എം എൽ എ അറിയിച്ചു. എല്ലാ മാസവും ആദ്യവാരം പുരോഗതി വിലയിരുത്താൻ യോഗം ചേരും.

ചാവക്കാട് പിഡബ്ലിയുഡി റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ കുഫോസ് റിസർച്ച് ഡയറക്ടർ ദേവിക പിളൈ, ഫാക്കൽറ്റി ഡോ.എസ് സുരേഷ് കുമാർ ,ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ വി സുഗതകുമാരി , യൂണിവേഴ്സിറ്റി എഞ്ചിനീയർ എൻ കെ മുഹമ്മദ് കോയ ,വകുപ്പ് ഉദ്യോഗസ്ഥർ, നഗരസഭാ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date