Skip to main content

പോളിംഗ് ബൂത്തിൽ എത്തിയ കുട്ടികൾക്ക് പലഹാരവുമായി സ്വീപ്

കോട്ടയം : പുതുപ്പള്ളി നിയമസഭ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തിയ മാതാപിതാക്കൾക്കൊപ്പം വന്ന കുട്ടികൾക്ക്
സ്വീപ് ഏർപ്പെടുത്തിയ പലഹാരങ്ങൾ വിതരണം ചെയ്തു. സ്വീപിന്റെ ഭാഗമായി ബൂത്തുകളിൽ ചെറുധ്യാനങ്ങൾ അടങ്ങിയ പലഹാരങ്ങളാണ് വിതരണം ചെയ്തത്. ചെറു ധാന്യങ്ങൾ അടങ്ങിയ പലഹാരങ്ങളുടെ വിതരണോദ്ഘാടനം സൗത്ത് പാമ്പാടി സെന്റ് തോമസ് ഹൈസ്‌കൂളിൽ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി നിർവഹിച്ചു. പുതുപ്പള്ളി ഡോൺ ബോസ്‌കോ സ്‌കൂളിൽ തെരഞ്ഞെടുപ്പു പൊതുനിരീക്ഷകൻ യുഗൽ കിഷോർ പന്തും, മീനടം ഗ്രാമപഞ്ചായത്ത് ഹാളിലെ ബൂത്തിൽ പോലീസ് നിരീക്ഷകൻ ഹർഷവർധൻ രാജുവും കുട്ടികൾക്കുള്ള പലഹാര വിതരണം നടത്തി. റാഗി കുക്കീസ്, ഡ്രൈ ഫ്രൂട്ട്, നട്സ് ഇവയാണ് കുട്ടികൾക്ക് നൽകിയത്. 12 വയസിനു താഴെയുള്ള കുട്ടികൾക്കാണ് ഇവ വിതരണം ചെയ്തത്. എൻ.എസ്.എസ്. വോളന്റിയേഴ്സിനും അങ്കണവാടി പ്രവർത്തകർക്കുമായിരുന്നു വിതരണത്തിന്റെ ചുമതല.
 ഐക്യരാഷ്ട്ര സംഘടന 2023 നെ രാജ്യാന്തര മില്ലറ്റ് വർഷമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായിട്ടാണ് ഇത്തരം പരിപാടികൾ സംഘടിപ്പിച്ചത്.  അതോടൊപ്പം കുട്ടികൾക്ക് പോഷക സമൃദ്ധമായ ആഹാരം നൽകുക എന്ന ലക്ഷ്യവും മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇവയോടൊപ്പം കുട്ടികൾക്ക് ബലൂണുകളും സ്വീപ് നൽകി. തെരഞ്ഞെടുപ്പു കമ്മിഷന്റെ വോട്ടർ ബോധവൽക്കരണത്തിനുള്ള നടപടിയാണ് സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ പ്രോഗ്രാം)

 

date