Skip to main content

എ കെ ജി മ്യൂസിയം: നിർമ്മാണ പുരോഗതി മന്ത്രി വിലയിരുത്തി

സംസ്ഥാന മ്യൂസിയം വകുപ്പ് പെരളശ്ശേരിയിൽ നിർമ്മിക്കുന്ന എ കെ ജി മ്യൂസിയം അടുത്തവർഷം ആഗസ്റ്റിൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. മ്യൂസിയത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
അടുത്ത വർഷം ഫെബ്രുവരിയിൽ കെട്ടിട നിർമ്മാണം പൂർത്തിയാകും. തുടർന്ന് ആറ് മാസം കൊണ്ട് മറ്റ് പ്രവൃത്തികൾ നടത്തി ഉദ്ഘാടനം ചെയ്യും. പ്രവൃത്തി തൃപ്തികരമായ രീതിയിലാണ് മുന്നോട്ടു പോകുന്നത്. മ്യൂസിയം പുതുതലമുറക്ക് പാഠപുസ്തകമാകുമെന്നും മന്ത്രി പറഞ്ഞു.
പെരളശ്ശേരി തൂക്കുപാലത്തിന് സമീപം 3.21 ഏക്കർ സ്ഥലത്താണ് നിർമ്മാണം നടക്കുന്നത്. 10700 ചതുരശ്ര അടിയുള്ള ഇരുനില കെട്ടിടവും ഏഴ് ഗാലറിയുള്ള പ്രദർശന സംവിധാനവും നിർമ്മിക്കാൻ ഒമ്പത് കോടി രൂപയാണ് ചെലവ്. എ കെ ജിയുടെ ബാല്യം മുതലുള്ള ഓരോ ഘട്ടങ്ങളും ചരിത്രത്തോട് നീതിപുലർത്തുന്ന നിലയിൽ രേഖപ്പെടുത്തും. അധ്യാപകനായിരിക്കെ ദേശീയ പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തി കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായി മാറിയ ജീവിതത്തിലെ സുപ്രധാന മുഹൂർത്തങ്ങൾ ഇവിടെ അടയാളപ്പെടുത്തും. ഐതിഹാസിക പോരാട്ടങ്ങൾ ഡിജിറ്റൈലൈസ് ചെയ്യുന്നതിനൊപ്പം 130 പേർക്ക് ഇരിക്കാവുന്ന മിനി തിയറ്ററും ഒരുക്കും. നിലവിൽ കെട്ടിടത്തിന്റെ 50 ശതമാനം പ്രവൃത്തി പൂർത്തിയായി.
എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി ബാലഗോപാൽ, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ വി ഷീബ, വൈസ് പ്രസിഡണ്ട് വി പ്രശാന്ത്, സ്ഥിരം സമിതി അധ്യക്ഷൻ കെ കെ സുഗതൻ, വാർഡ് അംഗം കെ പ്രജിത്ത്, മ്യൂസിയം വകുപ്പ് ഡയറക്ടർ അബു ശിവദാസ്, ചാർജ് ഓഫീസർമാരായ പി എസ് പ്രിയരാജൻ, ഗിരീഷ് ബാബു തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

date