Skip to main content

കടലോരശുചിത്വം കൂടുതല്‍ മെച്ചപ്പെടുത്തും - ജില്ലാ കലക്ടര്‍

കടലോരമേഖലയുടെ ശുചിത്വപാലനം ജില്ലയില്‍ കൂടുതല്‍കാര്യക്ഷമമായി നടപ്പിലാക്കുമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. മേഖല ശുചീകരിക്കുന്നതിനായി വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കിവരുന്ന ശുചിത്വസാഗരം പദ്ധതിയുടെ പ്രവര്‍ത്തനപുരോഗതി വിലയിരുത്തവെയാണ് കടലില്‍നിന്നുള്ള മാലിന്യം കരയ്‌ക്കെത്തിച്ച് നിര്‍മാര്‍ജനം ചെയുന്നത് ഉള്‍പ്പടെയുള്ളവ ഊര്‍ജ്ജിതമാക്കാനുള്ള തീരുമാനം അറിയിച്ചത്. ശാസ്ത്രീയ സംസ്‌കരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നതായും വ്യക്തമാക്കി.

നീണ്ടകര തുറമുഖത്ത് പ്രവര്‍ത്തിക്കുന്ന റിസോഴ്‌സ് റിക്കവറി സെന്റര്‍ ശക്തികുളങ്ങരയിലേക്ക് മാറ്റുന്നതിനായി 6000 ചതുരശ്രഅടി വിസ്തൃതിയിലുള്ള കെട്ടിടം നിര്‍മിച്ചു. ആവശ്യമായ യന്ത്രങ്ങള്‍ ശുചിത്വമിഷന്‍ സ്ഥാപിക്കും. ആലപ്പാട് സമാന സംവിധാനം ഫിഷറീസ് വകുപ്പാണ് ഒരുക്കുക.

കെ. എം. എം. എല്‍, ഐ. ആര്‍. ഇ തുടങ്ങിയ പൊതുമേഖലാസ്ഥാപനങ്ങളുടെ സാമൂഹ്യസുരക്ഷാ ഫണ്ട് വിനിയോഗിച്ച് മാലിന്യനിര്‍മാര്‍ജന സംവിധാനങ്ങള്‍ ആധുനീകരിക്കും. ഇതിനായി തദ്ദേശസ്ഥാപനതല യോഗംചേര്‍ന്ന് പ്രവര്‍ത്തനപരിപാടി തയ്യാറാക്കിനല്‍കണം. അഗീകൃത ഏജന്‍സികളുടെ സഹകരണവും പ്രയോജനപ്പെടുത്തും.

കടലിലെ മാലിന്യം ശേഖരിക്കുന്നതിനായി നല്‍കിയിട്ടുള്ള ബാഗുകള്‍ മത്സ്യബന്ധനയാനങ്ങളില്‍ കൃത്യമായി ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കും. മാലിന്യം തരംതിരിച്ച് സംസ്‌കരണത്തിനും പുനരുപയോഗത്തിനുമായി നല്‍കുന്ന സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തും. മാലിന്യം കടലില്‍ നിക്ഷേപിക്കുന്നില്ല എന്നും ഉറപ്പാക്കണം. ഇതിനായി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി സംഘടിപ്പിക്കും. ബോട്ടുടമകളുടെയും തൊഴിലാളികളുടേയും സഹകരണം ഉറപ്പാക്കി മാലിന്യം നീക്കംചെയ്യും.

മീന്‍പിടുത്തം ഇല്ലാത്ത കടലോരമേഖലയില്‍ മാലിന്യം നിക്ഷേപിക്കുന്നതും കടലിലേക്ക് നിക്ഷേപിക്കുന്നതും കര്‍ശനമായി തടയും. ഇതിനുള്ള പരിശോധനയും സ്‌ക്വാഡ് പ്രവര്‍ത്തനവും കൃത്യമായി നിരീക്ഷിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കണം. പഞ്ചായത്തുകള്‍ പരിശോധനകളും തുടര്‍നടപടിയും സംബന്ധിച്ച വിവരം കൃത്യമായ ഇടവേളകളില്‍ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി.

നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരള മിഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിര്‍ദ്ദേശിച്ചു. ശുചിത്വസാഗരം പദ്ധതി മികച്ച രീതിയില്‍ നടപ്പിലാക്കുന്നവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അതിനാവശ്യമായ തുക കണ്ടെത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശവും നല്‍കി. വിവിധ വകുപ്പ് മേധാവികള്‍, തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date