Skip to main content

ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളെ ഹരിത ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളെ ഹരിത ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി നവകേരളം കര്‍മ്മ പദ്ധതിയുടെ ജില്ലാതല അവലോകന യോഗത്തില്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി. സെയ്തലവി അറിയിച്ചു. ജില്ലയിലെ മുഴുവന്‍ ഓഫീസുകളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സാനിറ്ററി മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ഇന്‍സിനറേറ്ററുകള്‍ സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും പുരോമിക്കുന്നു. സുസ്ഥിര തൃത്താലയുമായി ബന്ധപ്പെട്ട് നിയോജക മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും 125ല്‍ കുറയാത്ത വീടുകളില്‍ ആദ്യഘട്ട കിണര്‍ റീചാര്‍ജ്ജിംഗ് സംവിധാനങ്ങള്‍ പൂര്‍ത്തിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

ജില്ലയില്‍ ലൈഫ് മിഷന്‍ പദ്ധതി മൂന്നാം ഘട്ടത്തില്‍ (വീടും സ്ഥലവുമില്ലാത്തവര്‍) 5352 അപേക്ഷകളില്‍ 3126 പേര്‍ എഗ്രിമെന്റ് വച്ചതായും ഇതില്‍ 2601 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതായും  ലൈഫ് ജില്ലാ കോര്‍ഡിനേറ്റര്‍ ശുഭ യോഗത്തില്‍ വ്യക്തമാക്കി. ഒന്നാം ഘട്ടത്തില്‍ (പാതി വഴിയില്‍ നിര്‍മ്മാണം നിന്നുപോയ വീടുകളുടെ പൂര്‍ത്തീകരണം) 8076 വീടുകളാണ് ഉള്ളത്. ഇതില്‍ 7722 എണ്ണം പൂര്‍ത്തീകരിച്ചു. രണ്ടാം ഘട്ടത്തില്‍ (സ്ഥലമുള്ള വീടില്ലാത്തവര്‍) 14978 അപേക്ഷകളില്‍ 14787 പേര്‍ എഗ്രിമെന്റ് വച്ചതില്‍ 14492 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. മനസ്സോടിത്തിരി മണ്ണ് ക്യാമ്പെയ്നിലൂടെ ജില്ലയില്‍ ഇതുവരെ 351.5 സെന്റ് ഭൂമി ലഭ്യമായി. ഇതില്‍ 276.5 സെന്റ് ഭൂമി രജിസ്റ്റര്‍ ചെയ്തു. 11.5 ഗുണഭോക്താക്കള്‍ക്ക് ഭൂമി കൈമാറി.

ജില്ലയില്‍ ആര്‍ദ്രം മിഷനിലൂടെ മൂന്ന് ഘട്ടത്തിലായി 79 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. ഇതില്‍ 66 എണ്ണത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതായും ബാക്കിയുള്ളവ പുരോഗമിക്കുകയാണെന്നും മിഷന്‍ നോഡല്‍ ഓഫീസര്‍ ഡോ.സെലിന്‍ പറഞ്ഞു. രണ്ട് ഘട്ടങ്ങളിലായി 14 കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രങ്ങളെ ബ്ലോക്ക് തല കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. ഇതില്‍ ആറെണ്ണം പൂര്‍ത്തിയായി.

വിദ്യാകിരണത്തിലൂടെ കിഫ്ബിയുടെ അഞ്ച് കോടിയിലുള്‍പ്പെടുത്തി 12 സ്‌കൂളുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായതായി ജില്ലാ പൊതുവിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.വി മനോജ് കുമാര്‍ അറിയിച്ചു. നവീകരണത്തിനായി 41 സ്‌കൂളുകളെ മൂന്ന് കോടിയിലുള്‍പ്പെടുത്തിട്ടുണ്ട്. ഇതില്‍ 10 എണ്ണം പൂര്‍ത്തിയായി. ബാക്കിയുള്ളവ പുരോഗമിക്കുന്നു. ഇതിന് പുറമെ 36 സ്‌കൂളുകളെ കിലയുടെ ഒരു കോടിയിലുള്‍പ്പെടുത്തി നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ഇതില്‍ 21 എണ്ണം പൂര്‍ത്തിയായതായും ഡിഡിഇ കൂട്ടിച്ചേര്‍ത്തു.
 

date