Skip to main content

പേവിഷ പ്രതിരോധ യജ്ഞം ജില്ലയില്‍ ഇതുവരെ 714 നായകള്‍ക്ക് റാബിസ് വാക്സിന്‍ എടുത്തു

ജില്ലയില്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആറ് വരെ 714 നായകള്‍ക്ക് റാബിസ് വാക്സിന്‍ എടുത്തതായി മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സി. സുധീര്‍ ബാബു അറിയിച്ചു. 654 വളര്‍ത്തുനായകള്‍ക്കും 60 തെരുവ് നായകള്‍ക്കുമാണ് കുത്തിവെയ്പ്പ് നടത്തിയത്. കുത്തിവെയ്‌പ്പെടുത്ത നായക്കള്‍ക്ക് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. സര്‍ട്ടിഫിക്കറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ കാണിച്ച് ലൈസന്‍സ് എടുക്കണം. ജില്ലയില്‍ ഒറ്റപ്പാലം, ചിറ്റൂര്‍, ആലത്തൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ എ.ബി.സി സെന്ററുകളിലും 99 മൃഗാശുപത്രികളിലുമാണ് കുത്തിവെയ്പ്പ് നടക്കുന്നത്.
കുത്തിവെയ്പ്പ് കഴിഞ്ഞ് തെരുവുനായക്കളെ തിരിച്ച് പിടിച്ച സ്ഥലത്ത് തന്നെ കൊണ്ടുവിടും. ഇവയെ തിരിച്ചറിയുന്നതിനായി കളര്‍ സ്‌പ്രേ കഴുത്തില്‍ അടിക്കും. പച്ച, നീല, ചുവപ്പ് തുടങ്ങിയ നിറങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. എന്നാല്‍ ചുവപ്പ് നിറം രക്തമാണെന്ന് തെറ്റിദ്ധരിക്കാന്‍ ഇടയുള്ളതിനാല്‍ പച്ച, നീല തുടങ്ങിയ നിറങ്ങള്‍ കിട്ടിയില്ലെങ്കില്‍ മാത്രമേ ചുവപ്പ് ഉപയോഗിക്കൂ. മൃഗാശുപത്രികളില്‍ അല്ലെങ്കില്‍ ക്യാമ്പില്‍ കൊണ്ട് വരുന്ന വളര്‍ത്തുനായക്കളെയും കുത്തിവെയ്പ്പിന് വിധേയമാക്കും. വളര്‍ത്തുനായക്കള്‍ക്ക് പേവിഷ പ്രതിരോധ വാക്സിനേഷന്‍ എടുക്കുന്നതിന് 45 രൂപ ഫീസ് നല്‍കണം.

date