Skip to main content

മാലിന്യമുക്തം നവകേരളം: ജില്ലാതല ക്യാമ്പയിൻ സെക്രട്ടറിയേറ്റ് യോഗം ചേർന്നു

മാലിന്യമുക്തം നവകേരളം പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി ജില്ലാതല ക്യാമ്പയിൻ സെക്രട്ടറിയറ്റ് യോഗം ചേർന്നു. ജില്ലയിലെ മാലിന്യമുക്ത പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എഞ്ചിനീയറിംഗ് വിഭാഗത്തിന് സെപ്റ്റംബർ 23 ന് ഏകദിന പരിശീലനം നൽകാൻ യോഗം തീരുമാനിച്ചു. അസി. എക്സി. എഞ്ചിനീയർ, അസി. എഞ്ചിനീയർ എന്നിവർക്കാണ്  പരിശീലനം നൽകുന്നത്. ഓരോ ബ്ലോക്കിൽ നിന്നും മൂന്ന് പേരെ പരിശീലനത്തിന് തെരഞ്ഞെടുക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയയറെ ചുമതലപ്പെടുത്തി. യുവാക്കളുടെ പങ്കാളിത്തം ഉറപ്പാകുന്നതിന് ടീം കേരളയ്ക്ക് 20 ന് പരിശീലനം നൽകും.

മാലിന്യ സംസ്ക്കരണം സംബന്ധിച്ച അവബോധം സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിന് ഹയർ സെക്കണ്ടറി, കേളേജ് തലത്തിൽ എസ്.പി.സി, എൻ.എസ്.എസ്, എൻ.സി.സി വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കും.

ജില്ലയിലെ മാലിന്യ സംസ്ക്കരണ പദ്ധതികൾ പൂർത്തീകരിക്കുന്നതിന് കലണ്ടർ തയ്യാറാക്കി പ്രവൃത്തിക്കാനും യോഗം തീരുമാനിച്ചു. മെയ്, ജൂൺ മാസത്തിൽ ടാർജെറ്റ് പൂർത്തീകരിച്ച വാർഡുകളുടെ കണക്ക് ശേഖരിക്കാനും യോഗത്തിൽ തീരുമാനമായി. ഡയപ്പർ സംസ്കരണം സംബന്ധിച്ചും യോഗം വിശദമായി ചർച്ച ചെയ്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറിൽ ചേർന്ന യോഗത്തിൽ ജില്ലാ ആസൂത്രണ സമിതി സർക്കാർ നോമിനി എം.എൻ സുധാകരൻ, ആസൂത്രണ സമിതി അംഗം എം.ആർ അനൂപ് കിഷോർ, നവകേരളം കർമ്മ പദ്ധതി ജില്ലാ കോർഡിനേറ്റർ സി. ദിദിക, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date