Skip to main content

മിഷന്‍ ഇന്ദ്രധനുഷ് 5.0 സമ്പൂര്‍ണ വാക്സിനേഷന്‍ യജ്ഞം രണ്ടാം ഘട്ടം ആരംഭിച്ചു

ഗര്‍ഭിണികള്‍,കുട്ടികള്‍ എന്നിവരില്‍ പ്രതിരോധകുത്തിവെപ്പ് എടുക്കാത്തവര്‍ക്കും ഭാഗികമായി മാത്രം എടുത്തവര്‍ക്കും കുത്തിവെപ്പ് നല്‍കുന്ന മിഷന്‍ ഇന്ദ്രധനുഷ് വാക്സിനേഷന്‍ യജ്ഞത്തിന്റെ രണ്ടാംഘട്ടത്തിന് തുടക്കമായെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍.അനിതകുമാരി അറിയിച്ചു. സെപ്റ്റംബര്‍ 11 മുതല്‍ 16 വരെ സാധാരണ വാക്സിനേഷന്‍ നല്‍കുന്ന ദിവസങ്ങള്‍ ഉള്‍പ്പെടെ ആറു ദിവസങ്ങളിലായാണ് ഇതു നടത്തുന്നത്. ഓഗസ്റ്റില്‍ നടന്ന ആദ്യ ഘട്ട ക്യാംപയിനില്‍ ജില്ലയിലെ 2189 കുട്ടികളും 449 ഗര്‍ഭിണികളും വാക്സിന്‍ സ്വീകരിച്ചു. കുത്തിവെപ്പ് എടുക്കാത്തവരുടെ പ്രദേശങ്ങള്‍ തിരിച്ച് അവിടുത്തെ ആരോഗ്യ കേന്ദ്രങ്ങള്‍ വഴിയാണ് വാക്സിന്‍ നല്‍കുന്നത്. കുത്തിവെപ്പ് എടുക്കാത്തവരുടെയും ഭാഗികമായി കുത്തിവെപ്പ് എടുത്തിട്ടുള്ളവരുടെയും പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. 2023 അവസാനത്തോടെ അഞ്ചാംപനി, റൂബെല്ല എന്നിവയടക്കമുള്ള പ്രതിരോധ കുത്തിവെപ്പ് വഴി തടയാവുന്ന രോഗങ്ങള്‍ ഇല്ലായ്മ ചെയ്യാനുള്ള യജ്ഞമാണ് നടക്കുന്നത്. പല തരത്തിലുള്ള അസൗകര്യം കാരണം വാക്സിന്‍ എടുക്കാന്‍വിട്ടു പോയിട്ടുള്ള അഞ്ചു വയസുവരെ പ്രായമുള്ള കുട്ടികളും ഗര്‍ഭിണികളും ഈ അവസരം പ്രയോജനപ്പെടുത്തി വാക്സിന്‍ സ്വീകരിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.

date