Skip to main content

വിദേശ തൊഴില്‍ സാധ്യതകള്‍ : നോര്‍ക്ക ഐ.ഐ.എം (കോഴിക്കോട്) പഠന റിപ്പോര്‍ട്ട് നാളെ പ്രകാശനം ചെയ്യും

വിദേശരാജ്യങ്ങളിലെയും, സ്വദേശത്തേയും പുതിയ തൊഴില്‍ മേഖലകളും കുടിയേറ്റ സാധ്യതകളും മനസ്സിലാക്കുന്നതിന്  നോര്‍ക്ക റൂട്ട്‌സ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിറ്റ്യൂട്ട് ഫോര്‍ മാനേജ്‌മെന്റ് (ഐ.ഐ.എം) കോഴിക്കോടുമായി ചേര്‍ന്നു നടത്തിയ പഠന റിപ്പോര്‍ട്ട് നാളെ (സെപ്റ്റംബർ 12) പ്രകാശനം ചെയ്യും. ഉച്ചയ്ക്ക 12 ന് കോഴിക്കോട് ഐ.ഐ.എം ക്യാമ്പസില്‍ നടക്കുന്ന ചടങ്ങ്  നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ 
പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സംയുക്ത പഠന റിപ്പോര്‍ട്ട് ഐ.ഐ.എം കോഴിക്കോട് ഡയറക്ടര്‍ പ്രൊഫ. ദബാശിഷ് ചാറ്റര്‍ജി നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരിക്ക് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിക്കുക. ചടങ്ങില്‍ ഫ്രൊഫസര്‍മാരായ ദീപാ സേത്തി, സിദ്ധാര്‍ത്ഥ പദി, പ്രണ്‍ത്ഥിക റായി എന്നിവരും സംബന്ധിക്കും. 

പുതിയ തൊഴില്‍ മേഖലകള്‍, സാങ്കേതികവിദ്യ, അവയുടെ സാധ്യതകള്‍, ഇതിലേയ്ക്കാവശ്യമായ വിദ്യാഭ്യാസ, നൈപുണ്യ വികസന സാധ്യതകള്‍ എന്നിവ റിപ്പോര്‍ട്ടിലുണ്ട്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ കൂടുതല്‍ വൈവിധ്യവല്‍ക്കരിക്കാനും, വ്യവസായ വാണിജ്യ സാധ്യതകള്‍ക്ക് അനുകൂലമായ തൊഴില്‍ സാഹചര്യം പ്രയോജനപ്പെടുത്താനുമുളള നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. പ്രവാസി കേരളീയരുടെ നയരൂപീകരണത്തിന് ഒരു പോളിസി മാനുവലിന്റെ രൂപീകരണം എന്നിവയും 92 പേജുകളുളള റിപ്പോര്‍ട്ട് ലക്ഷ്യമിടുന്നു. 

യു.എസ്.എ, കാനഡ, യു.കെ, അയർലൻഡ്, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവ ഉൾപ്പെടുന്ന തൊഴില്‍ കുടിയേറ്റത്തിനുള്ള മുൻഗണനാ ലക്ഷ്യസ്ഥാനങ്ങളും റിപ്പോർട്ടിലുണ്ട്.  വികസിത സമ്പദ്‌വ്യവസ്ഥകൾ ശക്തമായ തൊഴിലവസരങ്ങളും സാമ്പത്തിക സ്ഥിരതയും വാഗ്ദാനം ചെയ്യുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ആരോഗ്യ മേഖലയ്ക്കു പുറമേ അക്കൗണ്ടിംഗ്, ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിലും വിദേശ തൊഴിലവസരങ്ങള്‍ സാധ്യമാണ്. 

കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി വളര്‍ത്തുക എന്ന ലക്ഷ്യത്തിലേയ്ക്ക് സഹായകരമാകുന്ന നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ട് മുന്നോട്ടുവെയ്ക്കുന്നുണ്ട്.

date