Skip to main content

ഭിന്നശേഷിക്കാര്‍ക്കായി ജില്ല പഞ്ചായത്ത് ഒരുക്കുന്ന തൊഴില്‍ മേള ഒക്ടോബര്‍ 14-ന്

ആലപ്പുഴ: ജില്ലയിലെ ഭിന്നശേഷി വിഭാഗക്കാര്‍ക്കായി ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന മെഗാ തൊഴില്‍മേള ഒക്ടോബര്‍ 14-ന് നടക്കും. ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ നടക്കുന്ന മേളയില്‍ പ്രമുഖ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതു മേഖല, സ്വകാര്യ സ്ഥാപനങ്ങള്‍ തൊഴില്‍ദാതാക്കളായെത്തും. 

വിവിധ സ്ഥാപനങ്ങളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് അനുയോജ്യമായ വിദ്യാഭ്യാസ യോഗ്യതയുള്ള തിരഞ്ഞെടുത്ത ഉദ്യോഗാര്‍ഥികള്‍ക്കാണ് മേളയില്‍ പങ്കെടുക്കാനാകുക. ഇതിനായി ഐ.സി.ഡി.എസ്. പ്രവര്‍ത്തകരുടെ സഹായത്തോടെ ജില്ലയിലെ ഭിന്നശേഷിക്കാരുടെ വിവരശേഖരണം ജില്ല പഞ്ചായത്ത് നടത്തിയിരുന്നു. 8000 പേരാണ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ നിന്നും വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത ഉദ്യോഗാര്‍ഥികള്‍ക്കാണ് മേളയില്‍ പങ്കെടുക്കാന്‍ അവസരം. പത്താം ക്ലാസ് മുതല്‍ ബിരുദ, ബിരുദാനന്തര ബിരുദമുള്ളവര്‍വരെ ഈ വിഭാഗത്തില്‍ നിന്നും ഉദ്യോഗാര്‍ഥികളായുണ്ട്.

ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരിയുടെ അധ്യക്ഷതയില്‍ ജില്ല പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആലോചനായോഗത്തില്‍ മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംഘാടക സമിതി രൂപീകരിച്ചു. സമിതിയില്‍ ജില്ലയിലെ മന്ത്രിമാര്‍ മുഖ്യ രക്ഷാധികാരികളും എം.പി.മാരും എം.എല്‍.എ.മാരും രക്ഷാധികാരികളാുമാകും. ജില്ല കളക്ടര്‍ കണ്‍വീനറും ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍പേഴ്‌സണും ജില്ല പഞ്ചായത്ത് അംഗം ആര്‍. റിയാസ് ജോയിന്റ് കണ്‍വീനറുമാകും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷര്‍, എക്‌സ്‌പോര്‍ട്ട് അസോസിയേഷന്‍ പ്രസിഡന്റുമാര്‍, പൊതുമേഖല സ്ഥാപനങ്ങളുടെ ചെയര്‍പേഴ്‌സണ്‍മാര്‍, റീഹാബ്, കുടുംബശ്രീ, വ്യവസായ വകുപ്പ് ജില്ലാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ അംഗങ്ങളാകും. മേളയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങള്‍ക്ക് https://forms.gle/gatXnf5Hk9ya6MSd എന്ന ഗൂഗിള്‍ ഫോമിലൂടെ രജിസ്റ്റര്‍ ചെയ്യാം.

date