Skip to main content

സംസ്ഥാന ബാലചിത്രരചനാ മത്സരം സെപ്തംബര്‍ 16-ന്

ക്ലിന്റ് സ്മാരക സംസ്ഥാന ബാലചിത്രരചനാ മത്സരം സെപ്തംബര്‍ 16ന് പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കണ്ടന്ററി സ്‌കൂളില്‍ നടത്തുന്നതിന് അഡിഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് (എഡിഎം) ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ശിശുക്ഷേമ സമിതി എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ശിശുദിനാഘോഷത്തിന്റെ സംഘാടകസമിതി ചേരുന്നത്, ക്രഷുകളുടെ പ്രവര്‍ത്തനം, ദത്തെടുക്കല്‍ കേന്ദ്രം പുതിയ കേന്ദ്രത്തിലേക്ക് മാറുന്നത്, ദത്തെടുക്കല്‍ കേന്ദ്രത്തില്‍ പീഡിയാട്രിക് സേവനം ലഭ്യമാക്കുന്നത് എന്നിവ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു.  മത്സരത്തില്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം വിദ്യാഭ്യാസ വകുപ്പ് ഉറപ്പാക്കണമെന്ന് എഡിഎം പറഞ്ഞു. പ്രായത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ച് വിഭാഗങ്ങളിലായാണ് മല്‍സരം സംഘടിപ്പിക്കുന്നത്. ജനറല്‍ ഗ്രൂപ്പില്‍ പച്ച (5-8), വെള്ള (9-12), നീല (13-16) എന്നീ ഗ്രൂപ്പുകളായും പ്രത്യേക ശേഷി വിഭാഗത്തില്‍ മഞ്ഞ (5-10), ചുവപ്പ് (11-18) എന്നിങ്ങനെയും ആണ് മത്സരങ്ങള്‍ നടക്കുക. പ്രത്യേക ശേഷി വിഭാഗത്തില്‍ ഓരോ വിഭാഗത്തിനും ഒന്നിലധികം വൈകല്യമുള്ളവര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, കാഴ്ച വൈകല്യമുള്ളവര്‍, സംസാരവും കേള്‍വിക്കുറവും നേരിടുന്നവര്‍ എന്നിങ്ങനെ നാല് ഉപ ഗ്രൂപ്പുകളായ് തിരിച്ചാണ് മല്‍സരം. ഒരു സ്‌കൂളില്‍ നിന്നും എത്ര കുട്ടികള്‍ക്ക് വേണമെങ്കിലും മല്‍സരങ്ങളില്‍ പങ്കെടുക്കാം. ജില്ലയിലെ ഓരോ വിഭാഗത്തിലുമുള്ള ആദ്യ അഞ്ച് സ്ഥാനക്കാരുടെ ചിത്രരചനകള്‍ സംസ്ഥാന തല മല്‍സരത്തിലേക്കായി പരിഗണിച്ച് സംസ്ഥാന തല വിജയികളെ തെരഞ്ഞെടുക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് ജില്ല ശിശുക്ഷേമ സമിതി സമ്മാനം നല്‍കും. മല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ സ്‌കൂള്‍ അധികൃതരുടെ സാക്ഷ്യപത്രവും പ്രത്യേക ശേഷി വിഭാഗത്തിലുള്ളവര്‍ വൈകല്യ സര്‍ട്ടിഫിക്കറ്റുകളും സഹിതം മല്‍സരസ്ഥലത്ത് എത്തിച്ചേരണമെന്നും യോഗത്തില്‍ പറഞ്ഞു.
ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി ജി.പൊന്നമ്മ, ജോയിന്റ് സെക്രട്ടറി സലിം പി ചാക്കോ, ട്രഷറര്‍ എ.ജി ദീപു, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date